‘സംസ്ഥാന പെൻഷൻകാരെ സർക്കാർ അവഗണിക്കുന്നു’
1453552
Sunday, September 15, 2024 5:54 AM IST
കുണ്ടറ: സംസ്ഥാന സർക്കാർ പെൻഷൻകാരോട് കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണെന്ന് സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ആറ് ഗഡു ക്ഷാമബത്ത കുടിശികയുള്ളതിൽ ഒരു ഗഡുവെങ്കിലും ഓണക്കാലത്ത് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പെൻഷൻകാർ നിരാശരാണ്.
ഭൂരിപക്ഷം പെൻഷൻകാരും രോഗികളും വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ദുരിത ജീവിതം അനുഭവിക്കുന്നവരുമാണ്. അവരുടെ ക്ഷാമബത്ത അനുവദിക്കാതിരിക്കുന്നത് അനീതിയും മനുഷ്യാവകാശ ലംഘനവുമാണെന്ന് കൗൺസിൽ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. ബാനു, ജില്ലാ സെക്രട്ടറി ഡി. രാജേന്ദ്രൻ പിള്ള, പ്രഫ. ജി. വാസുദേവൻ, കെ. വിജയൻ പിള്ള, കെ.എസ്. സുരേഷ് കുമാർ, എ.ജി. രാധാകൃഷ്ണൻ, ആർ. സുരേന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.