ഓ​ണം സ്‌​പെ​ഷല്‍ ഡ്രൈ​വ്; ല​ഹ​രി​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തു
Wednesday, September 11, 2024 5:51 AM IST
കൊല്ലം: ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല​യി​ല്‍ വ്യാ​ജ മ​ദ്യം, നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന് എ​ക്‌​സൈ​സ് വ​കു​പ്പ് കഴിഞ്ഞമാസം 14 മു​ത​ല്‍ ആ​രം​ഭി​ച്ച ഓ​ണം സ്‌​പെ​ഷല്‍ ഡ്രൈ​വി​ല്‍ നി​ര​വ​ധി ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു മ​രു​ന്ന് കേ​സുക​ളി​ല്‍ ഇ​തു​വ​രെ 71 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

13.51 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 4.591 ഗ്രാം ​എം​ഡി​എം​എ 700 മി​ല്ലീ​ഗ്രാം ഹെ​റോ​യി​ന്‍, 640 ലി​റ്റ​ര്‍ കോ​ട, 80.100 ലി​റ്റ​ര്‍ അ​ന​ധി​കൃ​ത അ​രി​ഷ്ടം, 394.230 ലി​റ്റ​ര്‍ ഇ​ന്‍​ഡ്യ​ന്‍ നി​ര്‍​മ്മി​ത വി​ദേ​ശ​മ​ദ്യം, 20.400 ലി​റ്റ​ര്‍ ചാ​രാ​യം, അ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍, 340.625 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ പി​ടി​കൂ​ടി. അ​ബ്കാ​രി കേ​സുക​ളി​ല്‍ 101 പേ​രെ അ​റ​സ്റ്റ് ചെ​യ്തു;

117 കേ​സു​ക​ള്‍ എ​ടു​ത്തു. 951 റെ​യ്ഡു​ക​ള്‍ ന​ട​ത്തി. 4,630 ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. 15 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ 665 കേ​സു​ക​ളി​ലാ​യി 1,33,007 രൂ​പ പി​ഴ ഈ​ടാ​ക്കി.


സ്‌​പെ​ഷല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല​ത്തി​ലും താ​ലൂ​ക്ക് ത​ല​ത്തി​ലും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍, താ​ലൂ​ക്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്‌​ട്രൈ​ക്കി​ങ് ഫോ​ഴ്‌​സു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. പോ​ലീ​സ്, റ​വ​ന്യൂ, ഫോ​റ​സ്റ്റ്, റെ​യി​ല്‍​വേ, കോ​സ്റ്റ​ല്‍ പോ​ലീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്നു. ക​ട​ല്‍ മാ​ര്‍​ഗ​മു​ള്ള ല​ഹ​രി ക​ട​ത്ത് ത​ട​യു​ന്ന​തി​ന് നീ​ണ്ട​ക​ര കോ​സ്റ്റ​ല്‍ പോ​ലീ​സു​മാ​യി ചേ​ര്‍​ന്ന് ക​ട​ല്‍ പ​ട്രോ​ളിം​ഗും ന​ട​ത്തു​ന്നു​ണ്ട്.

ക​ള്ളു​ഷാ​പ്പു​ക​ളി​ല്‍ ക്യ​ത്രി​മ​ക​ള്ള് ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്നു. സെ​പ്തം​ബ​ര്‍ 20 വ​രെ​യാ​ണ് ഓ​ണം സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ക.