വാണിജ്യാടിസ്ഥാന കൃഷി പ്രോത്സാഹിപ്പിക്കണം: മന്ത്രി കെ.എന്‍. ബാലഗോപാല്‍
1451610
Sunday, September 8, 2024 5:56 AM IST
കൊല്ലം: പ്രാദേശികമായ സാധ്യതകള്‍ പരിഗണിച്ച് മികച്ച വരുമാനം ലഭിക്കുന്ന വാണിജ്യ അടിസ്ഥാനത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.
വെളിയം സ്വാശ്രയ കര്‍ഷക സമിതി മന്ദിരത്തില്‍ കര്‍ഷകര്‍ക്കുള്ള ബോണസ് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തത്തോടെയുള്ള ജനകീയ ഇടപെടലുകളാണ് ഇതിനാവശ്യം. പരമ്പരാഗത കൃഷി രീതികള്‍ക്ക് പുറമേ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും മികച്ച വരുമാനം ഉണ്ടാക്കുന്നതുമായ കാര്‍ഷിക ആശയങ്ങള്‍ കണ്ടെത്തി നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
വെളിയം സ്വാശ്രയ കര്‍ഷക സമിതിയിലെ മികച്ച കര്‍ഷകരേയും വ്യാപാരികളേയും മന്ത്രി ആദരിച്ചു. കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും കര്‍ഷകര്‍ക്കുള്ള എന്‍ഡോവ്മെന്റുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആര്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികളും കര്‍ഷക സമിതി അംഗങ്ങളും പങ്കെടുത്തു.