മാലിന്യമുക്തമാക്കാൻ ജില്ലയിൽ ജനകീയ പദ്ധതിക്ക് ഒക്ടോബറിൽ തുടക്കമാകും
1451086
Friday, September 6, 2024 6:12 AM IST
കൊല്ലം: ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കി മാറ്റാനുള്ള പദ്ധതിക്ക് ഒക്ടോബർ രണ്ടിന് തുടക്കമാകും. മാര്‍ച്ച് 30 വരെ നീളുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
തദ്ദേശ ഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തിക്കും. തദ്ദേശ ഭരണതലങ്ങളില്‍ നിര്‍വഹണ സമിതികള്‍ യോഗം ചേര്‍ന്ന് മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. ജൈവവും അജൈവവുമായ മാലിന്യങ്ങള്‍ സമയബന്ധിതമായി സംസ്കരിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങൾ എല്ലാ മേഖലകളിലും നടപ്പിലാക്കും.
നിര്‍വാഹക യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. മാലിന്യ നിര്‍മാര്‍ജനത്തിന് ഉതകുന്ന സ്വഭാവ രീതികളും സംസ്കാരവും രൂപപ്പെടേണ്ടതുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപന് പറഞ്ഞു. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.