മദ്യപിച്ചു യുവാവിനെ വഴിയില്‍ തടഞ്ഞു; സംഘർഷം: രണ്ടുപേര്‍ പിടിയില്‍
1443374
Friday, August 9, 2024 5:50 AM IST
അഞ്ചല്‍: വക്കംമുക്കിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുകൂട്ടര്‍ തമ്മിലടിച്ചതിനെ തുടർന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വിജയകുമാര്‍, പ്രദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടു യുവാക്കളെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചൂരക്കുളം ജയശ്രീ മന്ദിരത്തില്‍ ജയകുമാര്‍, തഴമേല്‍ ഞാറയ്ക്കാട് വേങ്ങവിള വീട്ടില്‍ രാജീവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ മദ്യപിച്ചെത്തുകയും അതുവഴി പോയ ജയകുമാറിനെ തടഞ്ഞു നിര്‍ത്തുകയും ചെയ്തു. തുടർന്നുണ്ടായ വാക്കേറ്റം വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
തുടര്‍ന്ന് ജയകുമാര്‍ ബന്ധുക്കളും സുഹൃത്തുക്കുളുമായ രാജീവ് അടക്കമുള്ള നാലോളം പേരുമായി എത്തുകയും തിരിച്ചടിക്കുകയും ചെയ്തു. സംഘര്‍ഷത്തിലാണ് വിജയകുമാര്‍, പ്രദീപ് എന്നിവര്‍ക്ക് പരിക്കേറ്റത്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയകുമാറിനേയും രാജീവിനേയും പിടികൂടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു. കേസില്‍ രണ്ടുപേര്‍ കൂടി പ്രതികളാണ്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. അതേസമയം അറസ്റ്റിലായ വിജയകുമാര്‍, പ്രദീപ് എന്നിവരുടെ പരാതിയില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ പോലീസ് മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്.