പാലത്തറയിൽ മലിനജലം വീടുകളിൽ ഒഴുകിയെത്തി; ജനങ്ങൾ ദുരിതത്തിൽ
1425677
Tuesday, May 28, 2024 11:38 PM IST
കൊട്ടിയം : പാലത്തറയിൽ മലിനജലം വീടുകളിലേക്ക് കയറിയതിനെത്തുടർന്ന് നിരവധികുടുംബങ്ങൾ ദുരിതത്തിൽ. പാലത്തറ ഡിവിഷനിൽ പെട്ട പാലത്തറ നഗർ വള്ളുവന്തറ ഭാഗങ്ങളിലാണ് കറുത്ത നിറത്തിലുള്ള ദുർഗന്ധം വമിക്കുന്ന മലിനജലം വീടുകളിലേക്ക് കയറിയിട്ടുള്ളത്. വീടുകളിലേക്കുള്ള വഴികളും മലിനജലം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
പലർക്കും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയും ഉണ്ട്. മാരക രോഗം ബാധിച്ച് കഴിയുന്നവരുടെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. മലിനജനം കയറി വീടുകളിലെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായതിനാൽ വെള്ളം വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ് പ്രദേശത്തുകാർക്കുള്ളത്.
വിലകൊടുത്ത് വാങ്ങാമെന്ന് വച്ചാലും മല്ലിന ജലത്തിലൂടെ കടന്നുവേണം വീടുകളിൽ എത്താൻ. അതുകാരണം കുടിവെള്ളം കൊണ്ടുവരുന്നവർ പോലും വരാൻ മടിക്കുന്ന അവസ്ഥയാണ് ഉള്ളത്. പാലത്ര നഗറിൽ തൂമ്പാറ്റ് തോടിന് അരികിലുള്ള വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. പല വീടുകളിലുംവീട്ടുസാധനങ്ങൾ എല്ലാംനശിച്ച നിലയിലാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കറുപ്പ് നിറത്തിലുള്ള മലിനജലം മഴക്കാലത്ത് ഒഴുകിയെത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു .
തുമ്പാറ്റ് തോടിന്റെ വശത്തുള്ള ഏതാനും വീടുകളിൽ വീട്ടുകാർക്ക് പുറത്തേക്കിറങ്ങാൻ പറ്റാത്ത സ്ഥിതിയിൽ വെള്ളം നിറഞ്ഞു കിടപ്പുണ്ട്. പാലത്തറയിൽ നിന്നും വള്ളുവൻതറയിലേക്ക് പോകുന്ന റോഡിൽ ആകെ കറുത്ത നിറത്തിലുള്ള വെള്ളം കെട്ടിക്കിടക്കുകയാണ്. വെള്ളത്തിൽ നിന്നും ഉയരുന്ന ദുർഗന്ധം ഗുരുതര രോഗങ്ങൾ പിടിപെടുവാൻ കാരണമാകുമോ എന്ന് ആശങ്കയും നാട്ടുകാർക്കുണ്ട്. മലിനജലം കയറി കിടക്കുന്ന പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതരും കോർപറേഷൻ കൗൺസിലറും പൊതുപ്രവർത്തകരും സന്ദർശനം നടത്തി.
പ്രദേശത്ത് വീടുകളിൽ കെട്ടിക്കിടക്കുന്ന മലിന ജലം നീക്കം ചെയ്യുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആർഎസ്പി നേതാവ് മുഹമ്മദ് കുഞ്ഞ് ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വള്ളുവന്തറ ഭാഗത്ത് നിരവധി വീടുകളാണ് വെള്ളം കയറി കിടക്കുന്നത്. പെരുംകുളം ചൂരങ്ങൾ ആറും നിറഞ്ഞു കവിഞ്ഞതിനെ തുടർന്നാണ് വള്ളുവന്തറ ഭാഗത്ത് വീടുകളിൽ വെളളം കയറിയത്. അയത്തിൽ ജംഗ്ഷനിൽ അശാസ്ത്രീയമായി പുതിയപാലം നിർമിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കോൺഗ്രസ് വടക്കേവിള ബ്ലോക്ക് വൈസ് പ്രസിഡന്റ് അയത്തിൽ നിസാം ആരോപിച്ചു. അയത്തിൽ ജംഗ്ഷനിൽ നിലവിലുള്ള പാലത്തേക്കാൾ വീതിയും നീളവും കുറച്ച് പാലം നിർമ്മിച്ചത് വെള്ളമൊഴുക്ക്കുറയുവാൻ കാരണമാക്കിയതായും അദ്ദേഹം പറയുന്നു.
വെള്ളം കയറി ദുരിതത്തിൽ ആയ വീട്ടുകാർക്ക് സൗജന്യറേഷൻ ഉൾപ്പെടെയുള്ള സഹായം ലഭ്യമാക്കാൻഅധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെങ്കിൽ പ്രദേശവാസികളെ സംഘടിപ്പിച്ച്സമരപരിപാടികൾ ആവിഷ്കരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.