പനയത്ത് 100 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
1425670
Tuesday, May 28, 2024 11:38 PM IST
കുണ്ടറ: കഴിഞ്ഞദിവസം തോരാതെ പെയ്ത മഴ പനയത്ത് ദുരിതം വിതച്ചു. പനയം പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നും 100 പേരെ പണയിൽ ഗവ.ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ചോനംചിറ, കണ്ടച്ചിറ , ചിറ്റയം പെരുമൺ, ചെമ്മക്കാട് പാമ്പാലിൽ എന്നീ വാർഡുകളിൽ നിന്നുമായി 29 വീട്ടുകാരെയാണ് ക്യാമ്പിൽ എത്തിച്ചത്. കൈക്കുഞ്ഞ് മുതൽ വയോധികർ വരെ ക്യാമ്പിലുണ്ട്. ചെമ്മക്കാട് നിന്നും ഒഴുകിയെത്തുന്ന വെള്ളം റെയിൽവേ സ്റ്റേഷൻ, ചോനംചിറ, താന്നിക്കമുക്ക്, വാർഡുകളിലൂടെ പാവൂർ ഏലായിൽ എത്തിയാണ് കൊല്ലം കോർപറേഷൻ പരിധിയിലുള്ള കണ്ടച്ചിറ കായലിൽ എത്തുന്നത്.
കൊല്ലം തേനി ദേശീയപാതയുടെ വശങ്ങളിലെ കലങ്കുകൾ സ്വകാര്യ വ്യക്തികൾ അടച്ചതാണ് റോഡിന് മുകളിലൂടെ വെള്ളം ഒഴുകാൻ കാരണം. പനയം വില്ലേജിൽ നിന്നും പഞ്ചായത്ത് ഓഫീസിൽ നിന്നും ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും കലുങ്ക് തുറക്കാൻ സാധിച്ചിട്ടില്ല.സിപിഐ പനയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ ജയകുമാർ, മണ്ഡലം കമ്മിറ്റി അംഗവും വാർഡ് മെമ്പറുമായ ആർ. അശോക് കുമാർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ഓ ഷീലാകുമാരി, ചോനംചിറ ബ്രാഞ്ച് സെക്രട്ടറി പി. തമ്പാൻ, മഹേശൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹായത്തോടെയാണ് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്.