ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
1425165
Sunday, May 26, 2024 10:08 PM IST
കടയ്ക്കല്‍: ചിതറയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിതറ വളവുപച്ച പെഴുംമൂട് റോഡ്വിള വീട്ടില്‍ ധര്മ്മന് (54), ഭാര്യ ദിവ്യ (42) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ റബര്‍ പുരയിടത്തില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെയോടെ നാട്ടുകാരാണ് ഇരുവരും തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്യുന്നത്. സ്ഥലത്ത് എത്തിയ ചിതറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ഇതിലുള്ള മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് പ്രാഥമിക വിവരം.
പലരില്‍ നിന്നും ചെറിയ പലിശയ്ക്ക് തുക വാങ്ങി ഉയര്‍ന്ന പലിശയ്ക്ക് മറ്റുള്ളവര്‍ക്ക് ദമ്പതികള്‍ നല്‍കിയിരുന്നതായും സമയത്ത് പലിശയോ മുതലോ തിരികെ കിട്ടാതെ വന്നതോടെ കുടുംബം സാമ്പത്തിക ബാധ്യതയിലാവുകയായിരുന്നു എന്ന് സംശയമുണ്ട്.
ഒരു പോലീസ് ഉദ്യോഗസ്ഥനുമായി വന്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പല അവധികള്‍ പറഞ്ഞിട്ടും തുക തിരികെ നല്‍കിയില്ല. ഇടയ്ക്ക് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ദിവ്യക്ക് പണം നല്കിയവര് കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസില്‍ പരാതി നല്‍കിയതായും ബന്ധുക്കള്‍ പറയുന്നു.
ഡിവൈഎസ്പി ഓഫീസില്‍ പോയി മടങ്ങിവന്നതിനു ശേഷം ഇരുവരും ആരോടും മിണ്ടിയിരുന്നില്ല. പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെതിരെ ബന്ധുക്കള്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇരുവരുടെയും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.