വാളകം മാർത്തോ മാ സ്കൂൾ ശതാബ്ദി സമ്മേളനം 27 ന്
1395538
Sunday, February 25, 2024 11:27 PM IST
കൊട്ടാരക്കര:വാളകം മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി സമാപന സമ്മേളനം 27ന് രാവിലെ 10.30 ന് നടക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
മാർത്തോമാ സഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി കെ.എൻ .ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
കൊടിക്കുന്നിൽ സുരേഷ് എം പി തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച ശതാബ്ദി സ്മാരക സ്കൂൾ ഓഡിറ്റോറിയത്തിന്റെ നിർമാണ ഉദ്ഘാടനം എം പി നിർവഹിക്കും. ശതാബ്ദി സ്മരണികയുടെ പ്രകാശനം ,വിദ്യാലയം നിർമിച്ചു നൽകുന്ന വീടിന്റെതാക്കോൽദാനം, പഠനോപക വിതരണം സേവനത്തിൽ നിന്നും വിരമിക്കുന്ന ഗൈഡ് വിഭാഗം ഡിസ്ട്രിക് കമ്മീഷണറും അധ്യാപികയുമായ സി.കെ.ജയ്നമ്മ ടീച്ചർക്ക് യാത്രയയപ്പ് എന്നിവയും നടക്കും.ഒരു വർഷം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കാണ് സമാപനം കുറിക്കുന്നത്. പത്ത് പ്രോജക്ടുകളാണ് ശതാബ്ദി വർഷം നടപ്പിലാക്കിയത്.
സഹപാഠിക്ക് ഭവന നിർമാണം, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള ചികിത്സാസഹായം, പഠനോപകരണ വിതരണം ,സ്വയം സംരംഭകത്വ പരിശീലനം , സൈബർ - ആരോഗ്യ ബോധവൽക്കരണ പരിപാടികൾ , പഠന സമ്മേളനങ്ങൾ, കരിയർ പ്രോഗ്രാമുകൾ, എജുക്കേഷൻ എക്സ്പോ , പൂർവ അധ്യാപക-വിദ്യാർഥിസമ്മേളനങ്ങൾ ,വിവിധ മേഖലയിലെ വ്യക്തിത്വങ്ങളെ ആദരിക്കൽ എന്നിവയാണ് ശതാബ്ദി വർഷം പൂർത്തീകരിച്ചത്. യശ:ശരീരനായ കുമ്പുക്കാട്ട് റവ. ചാക്കോ കശീശയാണ് 1924 ജൂൺ 12ന് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി ഈ സ്ഥാപനം ആരംഭിച്ചത്.
സാധാരണക്കാർക്കും പിന്നാക്കക്കാർക്കും പ്രത്യേകിച്ച് പെൺകുട്ടികൾക്കും വിദ്യാഭ്യാസം അന്യമായിരുന്ന കാലഘട്ടത്തിൽ ഈ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സ്കൂൾ ആരംഭിക്കുന്നത്. 2014ൽ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു.
ഇപ്പോൾ മാർത്തോമ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് വിദ്യാലയം. ആർ .ബാലകൃഷ്ണപിള്ള ,ഭാർഗവി തങ്കപ്പൻ ,എം.കെ .കുമാരൻ, മുൻ ഡിജിപിയായ പി.ജെ. അലക്സാണ്ടർ തുടങ്ങിയ പ്രമുഖർ അറിവിന്റെ മധുരം നുകർന്നത് ഈ വിദ്യാലയത്തിൽ നിന്നാണ് .
ആയിരത്തി ഇരുന്നൂറോളം കുട്ടികൾ ഇന്ന് പഠിച്ചു വരുന്നു. തുടർച്ചയായി ഉന്നത വിജയം കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഭൗതിക വികസനത്തിലും ഏറെ മുൻപന്തിയിലാണ്.
സമാപന സമ്മേളനത്തിന് മുന്നോടിയായുള്ള വിളംബര റാലി ഇന്ന് രാവിലെ എട്ടിന് നടക്കും. കെ.എൽ. ജോൺ കുട്ടി റാലി ഫ്ലാഗ്ഓഫ് ചെയ്യും.
സമാപന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ലോക്കൽ മാനേജർ റവ.ഡോ. പി.ജെ. മാമ്മച്ചൻ ,പ്രിൻസിപ്പൽ ഹേമ മേരി മാത്യു ,ഹെഡ്മിസ്ട്രസ് കെ.ബീന.പിടിഎ പ്രസിഡന്റ് ജോൺ കുട്ടി ജോർജ്, സ്റ്റാഫ് സെക്രട്ടറിമാരായ മിനി പി എസ്, ബിജു എബ്രഹാം,ജനറൽകൺവീനർ സാബു ജോൺ എന്നിവർ അറിയിച്ചു.