ബൈപാസ്: യാഥാർഥ്യമായത് അഞ്ചലിന്റെ സ്വപ്ന പദ്ധതി
1394572
Wednesday, February 21, 2024 11:46 PM IST
പി. സനില്‍കുമാര്‍
അഞ്ചല്‍ : രണ്ട് ദശാബ്ദങ്ങള്‍ക്കിപ്പുറം ബൈപാസ് പൂര്‍ത്തീകരിച്ചു നാടിനു തുറന്നു നല്‍കിയതോടെ യാഥാർഥ്യമായത് അഞ്ചലിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ്.
അഞ്ചല്‍ പട്ടണത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ആയൂർ-അഞ്ചൽ റോഡിലെ കുരുശിൻമൂട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് അഞ്ചൽ പുനലൂർ റോഡിൽ സെന്റ് ജോർജ് സ്കൂൾ ജംഗ്ഷനില്‍ എത്തിച്ചേരും വിധം 2.19 കിലോമീറ്റർ നീളത്തിലുള്ള പുതിയ റോഡ് നിർമിക്കാനായി ആലോചന വരുന്നതും പദ്ധതി ഒരുക്കുന്നതും 2001-2002 കാലഘട്ടത്തിൽ പി.എസ് .സുപാൽ എംഎൽഎ ആയിരിക്കെയാണ്.
തൊട്ടടുത്ത സംസ്ഥാന ബജറ്റില്‍ ടോക്കന്‍ പ്രോവിഷൻ ആയി അഞ്ചല്‍ ബൈപാസ് ഉൾപ്പെടുത്തുകയും ചെയ്തു. 2003 - 2004 കാലഘട്ടത്തില്‍ സർവെ ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിയ്ക്കുകയും 2004ല്‍ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു.
18 മീറ്റർ വീതിയിൽ ഇടമുളയ്ക്കൽ, അഞ്ചൽ ഗ്രാമപ്പഞ്ചായത്തുകളെ തമ്മിൽ കൂട്ടിയിണക്കുന്ന ബൈപ്പാസിന് ആദ്യ ഘട്ടത്തിൽ പതിനാലര കോടിരൂപ നിർമാണച്ചെലവാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കൽ ഉള്‍പ്പടെയുള്ള പ്രതിസന്ധികളും നിയമ കുരുക്കുകളും ബൈപാസ് നിര്‍മാണത്തെ പിന്നോട്ട് അടിച്ചു.
പിന്നീട് കെ.രാജു എംഎൽഎ ആയി വരികയും, 2013ൽ 10 കോടി രൂപയുടെ അഞ്ചൽ ബൈപാസിന്റെ സമ്പൂർണ നിർമാണത്തിനുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് മണ്ണ് നികത്തൽ, സംരക്ഷണ പ്രവർത്തനങ്ങൾ, നിർമാണം എന്നിവയ്ക്ക് പദ്ധതി തയാറാക്കി.
നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും മറ്റും ബൈപാസ് റോഡിന്റെ നിര്‍മാണ ചെലവ് വര്‍ധിപ്പിച്ചു. പിന്നീട് പ്രാരംഭ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി ഇരുപത് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിയ്ക്കുകയും ചെയ്തു.
പാറയും മെറ്റലും ഉള്‍പ്പടെയുള്ള നിര്‍മാണ സാധനങ്ങള്‍ ലഭ്യമല്ലെന്ന കാരണത്താൽ നിർമാണം നീണ്ടുപോയി. ഭൂമി ഏറ്റെടുപ്പും സങ്കീര്‍ണമായി. ഭൂമി വിട്ടുനല്‍കാന്‍ തയാറായ ചില ഭൂ ഉടമകള്‍ ന്യായമായ വില കിട്ടിയില്ലെന്ന ആരോപണവുമായി മുന്നോട്ട് വന്നു.
ഉദ്ദേശിച്ച വില കിട്ടാതായതോടെ ഭൂവുടമകളിൽ ചിലർ കോടതിയെ സമീപിച്ചു. ഇതോടെ ബൈപാസ് നിര്‍മാണം വീണ്ടും നിലച്ചു. പിന്നീട് കഴിഞ്ഞ മന്ത്രി സഭയില്‍ പുനലൂര്‍ എംഎല്‍എ ആയിരുന്ന കെ .രാജു മന്ത്രിയായതോടെ ബൈപാസ് സ്വപ്നം വീണ്ടും ചര്‍ച്ചയായി.
ബൈപാസ് നിര്‍മാണം വൈകുന്നത് ചൂണ്ടിക്കാട്ടിയുള്ള മാധ്യമങ്ങളുടെ നിരന്തര വാര്‍ത്തകളും ചില ഇടപെടീലുകളും നടപടികള്‍ വേഗത്തിലാക്കി. ഭൂഉടമകളുമായി വീണ്ടും ചര്‍ച്ച നടത്തി. നിയമ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു.
2018 ൽ ആയൂർ-അഞ്ചൽ അഗസ്ത്യകോഡ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട നിർദ്ദേശത്തോടൊപ്പം, ബാക്കിയുള്ള ബൈപാസ് നിർമാണ പ്രവർത്തനങ്ങൾക്കുള്ള എസ്റ്റിമേറ്റ് കിഫ്ബിക്ക് സമർപ്പിച്ചു.
2019 മാർച്ചിൽ കിഫ്ബി പദ്ധതി അനുവദിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ ബൈപാസ് നിര്‍മാണത്തിനു വേഗത കൂടി. മാസങ്ങള്‍ക്ക് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ചു. രണ്ടു തവണ ഉദ്ഘാടനം നടത്താനും തീരുമാനിച്ചുവെങ്കിലും സാധിച്ചിരുന്നില്ല.
സിഗ്നല്‍, സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവ കൂടി സ്ഥാപിച്ച ശേഷം മാത്രമേ പൂര്‍ണമായി ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ പാടുള്ളൂവെന്ന് ആവശ്യം ഉയര്‍ന്നു. ഇതിനായി രണ്ടരക്കോടിയോളം രൂപ വീണ്ടും അനുവദിച്ചു.
ഒടുവില്‍ കാരേജ് വേയുടെ നിർമാണം, സംരക്ഷണഭിത്തികൾ, കാൽനട യാത്രക്കാർക്കായി പ്രത്യേക ഇന്റർലോക്ക് പാകി കൈവരിയോട് കൂടിയ നടപ്പാതകൾ, ഓടകൾ, ബസ് ബേ, സിഗ്നല്‍, സ്ട്രീറ്റ് ലൈറ്റ് എന്നിവയുടെല്ലാം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് റോഡിന്റെ ഉപരിതലം നിർമിച്ചിരിക്കുന്നത്.
ദേശീയ റോഡ് സേഫ്ടി അഥോറിറ്റിയുടെ നിർദേശപ്രകാരം റോഡ് മാർക്കിങ്, സീബ്ര ലൈനുകൾ, സൈൻ ബോർഡുകൾ, രാത്രി സമയങ്ങളിൽ റോഡ് തിരിച്ചറിയാനുള്ള റിഫ്ലക്റ്റ് സ്റ്റഡുകൾ എന്നിവയും സ്ഥാപിച്ചുകഴിഞ്ഞു. സ്ഥാപിക്കൽ പൂർത്തിയായി.
അങ്ങനെ ദശാബ്ദങ്ങള്‍ക്കിപ്പുറം 25 കോടിയോളം രൂപ ചെലവഴിച്ചുകൊണ്ട് ബൈപാസ് എന്ന അഞ്ചലിന്റെ സ്വപനം യാഥാർത്ഥ്യമാകുമ്പോള്‍ കിഴക്കന്‍ മലയോര മേഖലയുടെ വികസനകുത്തിപ്പിന് വേഗം കൂടുമെന്ന കാര്യത്തില്‍ സംശയമില്ല.