‘ചാത്തന്നൂർ തിരുമുക്കിലെ സർവീസ് റോഡ് ടാർ ചെയ്യണം’
1394099
Tuesday, February 20, 2024 5:06 AM IST
ചാത്തന്നൂർ: തിരുമുക്കിൽ നാഷണൽ ഹൈവേ വികസനത്തോട് അനുബന്ധിച്ച് നിർമിച്ച സർവീസ് റോഡ് തകർന്നിട്ട് മാസങ്ങളായിട്ടും റോഡ് ടാർ ചെയ്യാനോ കുഴികൾ അടയ്ക്കാനോ നാഷണൽ ഹൈവേ അധികൃതരും കരാർ കമ്പിനിയും തയാറാകാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിന് ഒരുങ്ങുന്നു.
റോഡിന്റെ ശോചനീയാവസ്ഥ മൂലം നിരവധി ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നു. പരവൂരിൽ നിന്നുമുള്ള വാഹനങ്ങൾ തിരിയുന്നിടത്തും വൻ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. രാത്രി വെളിച്ച കുറവ് മൂലവും അപകടങ്ങൾ കൂടുകയാണ്. പൊടി ശല്യവും രൂക്ഷമായിട്ടുണ്ട്. എത്രയും വേഗം സർവീസ് റോഡ് ടാർ ചെയ്യാൻ വ്യാപാരികളും വ്യവസായികളും ഓട്ടോ തൊഴിലാളികളും ആവശ്യപ്പെട്ടു.