കൊടുംകുറ്റവാളിയെ കാപ്പ നിയമ പ്രകാരം കരുതൽ തടവിലാക്കി
1374576
Thursday, November 30, 2023 1:00 AM IST
കൊല്ലം : കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കൊടും കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതൽ തടവിലാക്കി.
2019 മുതൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽനിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആദിച്ചനല്ലൂർ ഇത്തിക്കര കല്ലുവിള വീട്ടിൽ നിന്നും ഇത്തിക്കര വയലിൽ വീട്ടിൽ താമസിക്കുന്ന അഖിൽഭാസി(23) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്.
കൊലപാതകം, വധശ്രമം, നരഹത്യശ്രമം, മാരകയുധം കൊണ്ട് ആക്രമണം, മോഷണം, കൂട്ടായി കവർച്ച തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് ഇയാൾ ഉൾപ്പെട്ടിട്ടുള്ളത്.
ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ദേവിദാസ് ആണ് കരുതൽ തടങ്കലിന് ഉത്തരവായത്. ഇയാളെ തടവിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. ചാത്തന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ വർഷം മാത്രം 66 പേർക്കെതിരെയാണ് കാപ്പാ നിയമപ്രകാരം നടപടികൾ സ്വീകരിച്ചിട്ടുള്ളത്. അതിൽ 43 കുറ്റവാളികളെ കരുതൽ തടങ്കലിൽ പ്രവേശിപ്പിക്കുന്നതിനും കൊല്ലം സിറ്റി പോലീസിന് സാധിച്ചിട്ടുണ്ട്.
ഇനിയും സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ അറിയിച്ചു.