ജീവിതസൗഭാഗ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള അവസരമായി കാണണം: കെ. ജയകുമാര്‍
1339987
Tuesday, October 3, 2023 11:14 PM IST
പത്തനാപുരം: ജീവിതത്തില്‍ ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള അവസരമായി കാണണമെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപവാസത്തിന്റെ കരുത്ത് എന്തെന്ന് ലോകത്തിനു കാണിച്ചുകൊടുത്തുകൊണ്ട് സ്വന്തം ശരീരത്തെ തന്നെ സമരായുധമാക്കിയ മഹാത്മാവാണ് ഗാന്ധിജി. എന്റെ ഉപവാസത്തിലൂടെ, യാതനയിലൂടെ, നിന്റെ മനസില്‍ മാറ്റമുണ്ടാക്കാനാകുമെങ്കില് അതിനുവേണ്ടി എന്റെ ശരീരം പോലും ഉപേക്ഷിക്കാന്‍ തയാറാണെന്ന് പറഞ്ഞ മഹാത്യാഗത്തിന്റെപേരാണ് ഗാന്ധിജി. ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കും എന്ന ചിന്തയോടെ വിഷയങ്ങളെ നേരിടാന്‍ ഓരോരുത്തര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍ ആധുനികകാലത്തെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും നമുക്ക് മോചനം നേടാനാകും. ഗാന്ധിജിയുടെ ആശയങ്ങളെ അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്ന സേവനകേന്ദ്രമാണ് ഗാന്ധിഭവനെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിഭവനില്‍ നടന്നുവരുന്ന സ്നേഹപ്രയാണം ആയിരം ദിനങ്ങള്‍ പദ്ധതിയുടെ 465-ാം ദിന സംഗമവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന് സ്നേഹഗ്രാമം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് കെ. ജയകുമാര്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിനല്‍കി.
ഗാന്ധിഭവനസെട്ടറിയും സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെമ്പറുമായ പുനലൂര്‍ സോമരാജന് അധ്യക്ഷനായി. ഭാരവാഹികളായ പി.എസ്. അമല്‍രാജ്, പ്രസന്നാ രാജന്, ജി. ഭുവനചന്ദ്രന്, കെ. ഉദയകുമാര്‍, ഗാന്ധിഭവനിലെ വിവിധ വിഭാഗങ്ങളുടെ മേധാവികളായ ആര്. ഗീത, അഡ്വ. എ.സി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കരുനാഗപ്പള്ളി സെന്റ് ഗ്രിഗോറിയോസ് സെന്‍ട്രല്‍ സ്കൂള്‍, എരുമേലി കനകപ്പലം എന്‍എംഎല്‍പി സ്കൂള്‍, പുനലൂര്‍ വാളക്കോട് എന്‍എസ് വിവിഎച്ച് എസ്എസ് എന്നീ വിദ്യാലയങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം വിദ്യാര്‍ഥികളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. ഗാന്ധിചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.