ചാത്തന്നൂരിൽ പഴകിയ ഇറച്ചിയും മീനും പിടികൂടി
1339274
Friday, September 29, 2023 11:35 PM IST
ചാത്തന്നൂർ : ചാത്തന്നൂരിൽ പഴകിയ ഇറച്ചിയും മീനും പിടികൂടി. ചാത്തന്നൂർ മീനാട് കുട്ടാസ് ജംഗഷനിൽ സൂഫിവില്ലയിൽ ഹംസകുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള കടയിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും മീനും ഉരുളൻ കിഴങ്ങിന്റെ ഫിംഗർ ചിപ്സുമാണ് പിടികൂടിയത്.
രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ പോലീസിനെയും പഞ്ചായത്ത് അധികാരികളെയും അറിയിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പാക്കറ്റുകളിൽ സൂക്ഷിച്ചു വച്ചിരുന്ന ഇറച്ചിയും മീനും പിടികൂടിയത്.
പാക്കറ്റുകളിൽ 1600 കിലോ ചിക്കനും എട്ട് കിലോ മീനും ഉരുളൻ കിഴങ്ങിന്റെ ഫിംഗർ ചിപ്സുമാണ്പിടികൂടിയത്. ബ്രാന്റ് അറബിലും ഇംഗ്ളീഷിലും പേരെഴുതിയ പാക്കറ്റുകളിലാണ് ചിക്കൻ സൂക്ഷിച്ചിരുന്നത്.
ചിക്കന്റെ കട്ട് ചെയ്ത് പ്രോസസിംഗ് നടത്തിയ ഭാഗങ്ങളും അടങ്ങുന്ന പാക്കറ്റുകളും പ്രൊസസിംഗ് ചെയ്ത പാക്കറ്റുകളുമാണ് പിടികൂടിയത്. 14 ഫ്രീസറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് ഫ്രീസറുകൾ പ്രവർത്തന രഹിതമാണ്. വൃത്തിഹീനമായ ഫ്രീസറുകളിലുള്ള വെള്ളത്തിൽ ദുർഗന്ധം വമിച്ചു പുഴുക്കളെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം നേമം ശ്രീഹരിയിൽ സിന്ധുരാമസ്വാമിയുടെ പേരിൽ പ്രോസസിംഗ് ഫുഡ് സൂക്ഷിക്കാനുള്ള പഞ്ചായത്ത് ലൈസൻസിന്റെ മറവിലാണ് സാധനം പ്രവർത്തിച്ചു വന്നിരുന്നത്.
ഇന്നലെ രാവിലെ മുതൽ ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പരാതിപെട്ടതിനെ തുടർന്ന് ഡോ. വിനോദിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലതെത്തി പരിശോധന നടത്തി.
തുടർന്ന് ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണർ വിനോദിന്റെ നേത്രത്വത്തിലുള്ള സംഘം സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇറച്ചിയുടെ സാമ്പിൾ സ്വീകരിച്ചു പരിശോധനയ്ക്ക് അയച്ചു സ്ഥാപനം അടച്ചു പൂട്ടി നിയമനടപടികൾ സ്വീകരിച്ചു.