അഞ്ചല്‍ : അമൃതം പൊടിയില്‍ ഇഡലി, ഇടിയപ്പം, ഹല്‍വ, കേക്ക്, ഇലയപ്പം, ഉണ്ണിയപ്പം, ലെഡു, പുട്ട്, ഐസ്ക്രീം, ബീറ്റ് റൂട്ട് ജ്യൂസ്, പൈനാപ്പിള്‍ ജാം, വെജിറ്റബിള്‍ സലാഡ്, മുരിങ്ങയില ചീരയടക്കം ഇലതോരനുകള്. റാഗി വിഭവങ്ങള്‍ വേറെയും.
പോഷകാഹാരങ്ങളുടെ കലവറ ഒരുക്കിയാണ് വനിതാ ശിശുക്ഷേമ വകുപ്പ് അലയമണ്‍ പഞ്ചായത്തില്‍ ന്യൂട്രിഷന്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. അങ്കണവാടി വര്‍ക്കര്‍മാര്‍ ഹെല്‍പ്പര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഫെസ്റ്റ്.
എല്ലാ വിഭവങ്ങളും ഒരുക്കിയത് അങ്കണവാടി പ്രവര്‍ത്തകര്‍. വിഭവങ്ങള്‍ക്കൊപ്പം അങ്കണവാടി പ്രവര്‍ത്തകരുടെ കൈകളാല്‍ തീര്‍ത്ത പേപ്പര്‍, നൂല് അടക്കം പാഴ് വസ്തുക്കളാല്‍ നിര്‍മിച്ച കര കൗശല വസ്തുക്കള്‍ ധാന്യങ്ങളും പച്ചക്കറികളും കൊണ്ട് ഒരുക്കിയ അത്തവും ബോധവല്കരണ പോസ്റ്ററുകളും ഫെസ്റ്റിനെ വ്യത്യസ്തമാക്കി.
സ്ഥിരംസമിതി അധ്യക്ഷ ഗീതാകുമാരിയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജേക്കബ് മാത്യു, ബിനു സി ചാക്കോ, അമ്പിളി, അഞ്ചല്‍ വനിതാ ശിശുക്ഷേമ ഓഫീസര്‍ രേഖ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അംബിക അന്തര്‍ജനം തുടങ്ങിയവര്‍ പ്രസംഗിച്ചു. പോഷകാഹാരം നല്‍കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂട്രിഷന്‍ ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് സൂപ്പര്‍വൈസര്‍ അംബിക അന്തര്‍ജനം പറഞ്ഞു.
രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട ഫെസ്റ്റ് കാണുന്നതിനും വിഭവങ്ങളെ പരിചയപ്പെടാനുമായി ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് എത്തിയത്. ഒരുമാസക്കാലമായി അങ്കണവാടികളില്‍ നടന്നുവന്ന ഫെസ്റ്റുകളുടെ സമാപനം കൂടിയായിരുന്നു പഞ്ചായത്ത് ഓഫീസില്‍ സംഘടിപ്പിച്ച ഫെസ്റ്റ്.