കല്ലുവാതുക്കലിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് ഭരണം പിടിച്ചെടുത്തു
1338546
Wednesday, September 27, 2023 12:10 AM IST
ചാത്തന്നൂർ : കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. കോൺഗ്രസിലെ എൻ. ശാന്തിനി പ്രസിഡന്റായും കോൺഗ്രസിലെ പി.പ്രദീഷ് കുമാർ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
നാടകീയ സംഭവങ്ങൾക്കാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു വേദിയായത്. ഇടതുമുന്നണി പിന്തുണച്ച വിമത സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ബിജെപി യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ടുചെയ്തു. ഇതോടെ ബിജെപി പാർലമെന്ററി പാർട്ടി പിളർന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപിയുടെ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എസ്. സുദീപയും യുഡിഎഫിലെ എൻ. ശാന്തിനിയും മത്സരിച്ചു. ഇതോടൊപ്പം ബിജെപി അംഗമായ ദീപയും സ്വതന്ത്രയായി രംഗത്തെത്തി.
വോട്ടെടുപ്പിൽ ദീപയ്ക്ക് പത്തും എൻ. ശാന്തിനിക്ക് എട്ടും സുദീപയ്ക്ക് അഞ്ചും വോട്ട് ലഭിച്ചു. ഒമ്പത് അംഗങ്ങളുണ്ടായിരുന്ന ബിജെപിയിലെ നാലംഗങ്ങൾ ഇടതുപക്ഷത്തോട് ചേർന്നാണ് ദീപയെ മത്സരിപ്പിച്ചത്. ഇടതുമുന്നണിയുടെ ആറ് വോട്ടും ദീപയ്ക്ക് കിട്ടി.
റിട്ടേണിംഗ് ഓഫീസറായ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബീന തെരഞ്ഞെടുപ്പു ചട്ടങ്ങൾ വ്യക്തമാക്കുകയും ഏറ്റവും കുറച്ച് വോട്ട് ലഭിച്ച സുദീപയോട് മത്സരരംഗത്തു നിന്നും പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു.
വീണ്ടും നടത്തിയ തെരഞ്ഞെടുപ്പിൽ എൻ. ശാന്തിനിയും ദീപയും മത്സരിച്ചു. ബിജെപി വിമതരായ നാലുപേരും ഇടതുമുന്നണിയുടെ ആറു പേരും ദീപയ്ക്ക് വോട്ടുചെയ്തു.
ബിജെപി വിട്ട വിമത സ്ഥാനാർഥി വിജയിക്കാതിരിക്കാനായി ബിജെപിയുടെ അഞ്ച് അംഗങ്ങളും എൻ. ശാന്തിനിയ്ക്ക് വോട്ടു ചെയ്തു. യുഡിഎഫിന്റെ എട്ട് വോട്ടും ഉൾപ്പെടെ 13 വോട്ട് നേടി എൻ. ശാന്തിനി പഞ്ചായത്ത് പ്രസിഡന്റായി.
എൻ. ശന്തിനി മൂന്ന് തവണയായി പഞ്ചായത്തംഗമാണ്. ആദ്യം പാരിപ്പള്ളി ടൗൺ വാർഡിൽ നിന്നും രണ്ടാം തവണ എഴിപ്പുറത്തു നിന്നും ഇപ്പോൾ പാരിപ്പള്ളി ടൗൺ വാർഡിൽ നിന്നുമാണ് വിജയിച്ചത്.
ഉച്ചകഴിഞ്ഞു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും രാവിലെ നടന്നത് തന്നെ ആവർത്തിച്ചു. ബിജെപി വിമതൻ അപ്പുക്കുട്ടൻ പിള്ള ഇടതുമുന്നണി സഹായത്തോടെ 10 വോട്ടും കോൺഗ്രസിലെ പ്രദീഷ് കുമാർ യുഡിഎഫിന്റെ എട്ടുവോട്ടും ബിജെപിയിലെ എസ്. സത്യപാലൻ അഞ്ചു വോട്ടും നേടി.
ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച സത്യപാലൻ പിന്മാറി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അഞ്ച് വോട്ട് ഉൾപ്പെടെ 13 വോട്ട് നേടി പ്രദീഷ് കുമാർ വൈസ് പ്രസിഡന്റായി. ബിജെപി വിമതനായ അപ്പുക്കുട്ടൻ പിള്ള ഇടതുമുന്നണി സഹായത്തോടെ 10 വോട്ട് നേടി.
ഇടതുമുന്നണിയുടെ തന്ത്രം പാളി
ഒമ്പത് അംഗങ്ങളുള്ള ബി ജെ പിയെ പിളർത്താൻ കഴിഞ്ഞെങ്കിലും ഇടതുമുന്നണിയുടെ തന്ത്രം പാളി. ബി ജെ പി യുടെ നാലംഗങ്ങൾ ഇടതുമുന്നണി യോടൊപ്പം ചേരുകയും വിമതരിൽ ഒരാളെ പ്രസിഡന്റ് സ്ഥാനാർഥിയാക്കി ഭരണം പിടിച്ചെടുക്കാൻ പറ്റിയ തന്ത്രമാണ് പൊളിഞ്ഞത്.
ഇടതുമുന്നണിയിലെ ആറംഗങ്ങളുടെ പിന്തുണയോടെ ബി ജെ പി വിമത പ്രസിഡന്റാകുമെന്ന അവസ്ഥയിലായിരുന്നു.അഞ്ചംഗങ്ങൾ അവശേഷിക്കുന്നബി ജെ പി തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നില്ക്കുമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷ തെറ്റി.
ബി ജെ പി വിട്ടുനിന്നാൽ ഇടതുമുന്നണിയ്ക്ക് പത്ത് വോട്ടും യുഡിഎഫിന് എട്ട് വോട്ടും ലഭിക്കും. പ്രസിഡന്റാ യി ദീപ ജയിക്കും എന്ന കണക്കുകൂട്ടലായിരുന്നു.
ഇത് മനസിലാക്കിയ ബി ജെ പി അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നില്ല എന്ന് മാത്രമല്ല വിമത പ്രസിഡന്റാവാതിരിക്കാൻ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയും ചെയ്തു. ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകളെയാകെ തകർത്തുകളഞ്ഞു.