പേവിഷബാധ; പ്രതിരോധം ഊര്‍ജിതമാക്കണം: ഡിഎംഒ
1338025
Sunday, September 24, 2023 11:25 PM IST
കൊല്ലം പേവിഷബാധമൂലമുള്ള മരണങ്ങള് ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.എസ് .ഷിനു അറിയിച്ചു.
മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടനെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യ രോഗമാണ് പേവിഷബാധ. നായ്ക്കളാണ് പ്രധാന രോഗവാഹകര്‍. എന്നാല്‍ പൂച്ച, കുറുക്കന്, അണ്ണാന്, കുതിര, വവ്വാല് തുടങ്ങിയവയും രോഗവാഹകരില്‍ പെടുന്നു.
രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കാണുന്ന പേവിഷബാധയുടെ വൈറസുകള്‍ മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍, നക്കല്‍ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷ്മനാ നാഡിയേയും തലച്ചോറിനെയും ബാധിക്കുന്നു.
തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് പ്രാരംഭ ലക്ഷണങ്ങള്‍, അതിനു ശേഷം വെളിച്ചത്തോടും വായുവിനോടും വെള്ളത്തിനോടും ഉള്ള ഭയം പ്രത്യക്ഷമാകുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ സാധാരണ ഗതിയില്‍ 2-3 മാസം വരെ എടുക്കും. എന്നാല്‍ ചിലര്‍ക്ക് നാല് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ചിലപ്പോള്‍ ഇത് ആറ് വര്‍ഷം വരെ എടുത്തേക്കാമെന്നും ഡിഎംഒ പറഞ്ഞു.