വാണിജ്യ-വ്യാപാര തൊഴിലാളി ജാഥ നാളെ ജില്ലയിൽ
1337867
Saturday, September 23, 2023 11:47 PM IST
കൊല്ലം: കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) 30 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർഥമുള്ള സംസ്ഥാന പ്രചാരണ വാഹന ജാഥ നാളെ ജില്ലയിൽ പര്യടനം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് കരുനാഗപ്പളളിയിൽ നിന്ന് ജാഥ തുടങ്ങും. 11ന് കൊട്ടാരക്കര, 12ന് പുനലൂർ, രണ്ടിന് കടയ്ക്കൽ, 4.30 ന് പരവൂർ എന്നി വിടങ്ങളിൽ സ്വീകരണം നൽകും. വൈകുന്നേരം ആറിന് കൊല്ലം ചിന്നക്കടയിൽ സമാപന സമ്മേളനം നടക്കും.
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സജി ക്യാപ്റ്റനും അഡ്വ.എസ്. കൃഷ്ണമൂർത്തി മാനേജരുമായാണ് ജാഥ ക്രമീകരിച്ചിട്ടുള്ളത്. ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ ബഹുരാഷ്ട്ര കുത്തക വൽക്കരണം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ വർഗീയവൽകരണം അവസാനിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പത്രസമ്മേളനത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് എഴു കോൺ സന്തോഷ്, സെക്രട്ടറി ജി.ആനന്ദൻ, എസ്.ജിജി, എസ്.ശ്രീലാൽ, അഡ്വ.ഡി.ഷൈൻ ദേവ് എന്നിവർ പങ്കെടുത്തു.