ഗണേഷ് കുമാർ എംഎൽഎയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
1336805
Tuesday, September 19, 2023 11:53 PM IST
പത്തനാപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കെ.ബി ഗണേഷ് കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്ന സി ബി ഐ റിപ്പോർട്ടിനെ തുടർന്ന് യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗണേഷ് കുമാർ എം എൽ എയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
നെടുംപറമ്പ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ പോലീസ് തടഞ്ഞു.
പോലീസ് ബാരി കേഡ് തള്ളി കയറാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും നടക്കുന്നതിനു കാരണമായി.
ഒന്നര മണിക്കൂറോളം പത്തനാപുരം കുന്നിക്കോട് റോഡിൽ ഗതാഗതം സ്തംഭിച്ചു. വിവാദമായ സോളാർ ആരോപണ കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന് സിബിഐ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ രാജി വെക്കണം എന്നാവശ്യപ്പെട്ട് ആണ് പ്രതിഷേധ മാർച്ച് നടത്തിയത്.
യുഡിഎഫ് സംസ്ഥാന കൺവീനർ എം.എം ഹസൻ ധർണ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ മാർച്ചിനും ധർണയ്ക്കും യുഡിഎഫ് ജില്ലാ കൺവീനർ കെ.സി രാജൻ അധ്യക്ഷത വഹിച്ചു.
ധർണയിൽ ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, ബിന്ദുകൃഷ്ണ, വാക്കനാട് രാധാകൃഷ്ണൻ, സി ആർ നജീബ് അടക്കമുള്ള നേതാക്കൾ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു.