ചിറക്കരയിൽ വളർത്തുമൃഗങ്ങളിൽ പേവിഷ നിർമാർജന യജ്ഞം
1336578
Monday, September 18, 2023 11:43 PM IST
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ പേവിഷനിർമാർജനത്തിന്റെ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും പ്രതിരോധ കുത്തിവെയ്പ് നടത്തും. ഇതിന്റെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം കോളജ് വാർഡിലെ ഗ്രാമസേവാ കേന്ദ്രത്തിൽ നടന്നു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ സജില ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വിനിതദിപു അധ്യക്ഷയായിരുന്നു.
വെറ്ററിനറി സർജൻ ഡോ.ബിനിരാജ് പദ്ധതി വിശദീകരണവും പ്രതിരോധ കുത്തിവെപ്പും നടത്തി. ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശ്രീജ ആർ. മോഹൻ, സതീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ഈ പദ്ധതിയുടെ ഭാഗമായി ഇന്നു മുതൽ 23 വരെ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ ചിറക്കര ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി നടത്തും.
വളർത്തുമൃഗങ്ങളെ 45 രൂപ നിരക്കിൽ രക്ഷാറാബ് കുത്തിവെപ്പ് എടുത്ത് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കി വളർത്തു നായക്ക് രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. ഇതിനുള്ള സൗകര്യം ചിറക്കര ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയിൽ ലഭ്യമാണ്.