കൊല്ലത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം ഡിസംബറിൽ യാഥാർഥ്യമാകും
1301392
Friday, June 9, 2023 11:05 PM IST
എസ്.ആർ.സുധീർകുമാർ
കൊല്ലം: കായിക കൊല്ലത്തിന്റെ കുതിപ്പിന് ഒരു അധ്യായം കൂടി എഴുതി ചേർത്ത് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു.
ലാൽബഹാദൂർ സ്റ്റേഡിയത്തിനും ആശ്രാമം മൈതാനത്തെ ന്യൂ ഹോക്കി സ്റ്റേഡിയത്തിനും പിന്നാലെ ഇതും കൂടിയാകുമ്പോൾ ഭാവിയിൽ ദേശീയ മത്സരങ്ങൾക്ക് കൊല്ലം വേദിയാകുമെന്ന കാര്യത്തിൽ തർക്കമില്ല. പീരങ്കി മൈതാനിയിലാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നത്.
കൊല്ലത്തിന്റെ മണ്ണിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് മറ്റൊരു കളിക്കളംകൂടി പിറവികൊള്ളുന്നത്. ഒളിമ്പ്യൻ സുരേഷ്ബാബുവിന്റെ പേരിലുള്ള മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം.
ഡിസംബറിൽ നിർമാണം പൂർത്തീകരിച്ച് ഇൻഡോർ സ്റ്റേഡിയം സംസ്ഥാന സർക്കാർ കായികലോകത്തിന് സമർപ്പിക്കും. ടെന്നീസ് കളിക്കാർക്കായുള്ള ചെയ്ഞ്ച് റൂം നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു. 2000 പേർക്ക് ഇരുന്ന് കളികാണാൻ കഴിയുന്ന ഗ്യാലറി, പരിശീലനത്തിൽ ഏർപ്പെടുന്ന 150 കായിക പ്രതിഭകൾക്ക് താമസിക്കാനുള്ള മെൻസ് ഹോസ്റ്റൽ, സ്വിമ്മിംഗ് പൂൾ എന്നിവയുടെ നിർമാണം പുരോഗതിയിലാണ്.
കൊല്ലം നഗരമധ്യത്തിൽ പീരങ്കി മൈതാനത്ത് സർക്കാർ അനുവദിച്ച 3.6 ഏക്കർ ഭൂമിയിലാണ് 39കോടി രൂപ ചെലവഴിച്ച് ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമാകുന്നത്. കൊല്ലം ഇൻഡോർ സ്റ്റേഡിയത്തെ വലിയ പ്രതീക്ഷയോടെയാണ് നാടും കായിക പ്രതിഭകളും നോക്കിക്കാണുന്നത്. വികസനരംഗത്ത് കൊല്ലത്തിന്റെ മുഖംമാറ്റാൻ സംസ്ഥാന സർക്കാർ തുറന്നിടുന്നത് മറ്റൊരു മേഖലകൂടിയാണ്.
കായിക കേരളത്തിന്റെ ഹബ് ആകുക എന്നതാണ് കൊല്ലത്തിന്റെ ലക്ഷ്യം. നിരവധി സംസ്ഥാന ദേശീയ കായിക മത്സരങ്ങളാണ് കളിക്കളം തേടി കൊല്ലത്തേക്ക് വരുന്നത്. ഇതിനുള്ള തയാറെടുപ്പുകൾ ഇതിനകം ധൃതഗതിയിൽ നടക്കുകയാണ്.