കഞ്ചാവ് കടത്തിയ കാർ തടയാൻ ശ്രമിച്ച പോലീസിന് നേരെ കാർ കയറ്റി
1300606
Tuesday, June 6, 2023 10:53 PM IST
പാരിപ്പള്ളി: കഞ്ചാവ് കടത്തി കൊണ്ടു വന്ന കാർ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടയിൽ കാർ പോലീസിന്റെ നേരെ ഓടിച്ചു കയറ്റി. സംഭവത്തിൽ സി പി ഒയ്ക്ക് പരിക്കേറ്റു. സാഹസിക യജ്ഞത്തിനൊടുവിൽ പോലീസ് കാർ തടഞ്ഞുനിർത്തി കാറും കഞ്ചാവും എംഡിഎം എയും കസ്റ്റഡിയിലെടുത്തു.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തികൊണ്ട് വന്ന് ചില്ലറ വില്പനക്കാർക്ക് കൈമാറുന്ന കാരംകോട് കണ്ണേറ്റ സനൂജ് മനസിലിൽ സനൂജ് ആണ് അറസ്റ്റിലായത്. അഞ്ച് കിലോ കഞ്ചാവും 14 ഗ്രാം എം ഡി എം എ യും ഇത് കടത്താൻ ഉപയോഗിച്ച ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് കാർ തടയാൻ ശ്രമിച്ചപോലീസിനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച സനുജിന്റെ പരാക്രമത്തിൽ ഒരു സിവിൽ പോലീസ് ഓഫീസർക്ക് പരിക്കേറ്റു. പാരിപ്പള്ളി സ്റ്റേഷനിലെ സിപിഒ സായിറാമിനാണ് പരിക്കേറ്റത്. കാലിൽ കാർ കയറ്റിയതിനെ തുടർന്ന് പരിക്കേറ്റ സായി റാമിനെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്ക ുകയാണ്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ പാരിപ്പള്ളി ജംഗ്ഷനിലായിരുന്നു സാഹസിക രംഗങ്ങൾ അരങ്ങേറിയത്.
ദേശിയപാതയിലൂടെ ലഹരി വസ്തുക്കളുമായി കാർ പോകുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ചാത്തന്നൂർ എസി പി ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ വൻപോലീസ് സംഘം പാരിപ്പള്ളി ജംഗ്ഷനിൽ കാത്തു നിന്നു. സനുജ് ലഹരി വസ്തുക്കളുമായെത്തിയ കാർ തടയാൻ ശ്രമിക്കുമ്പോൾ പോലീസിന് നേരെ കാറോടിച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് സി പി ഒ സായിറാമിന്റെ കാലിൽ കാർ കയറ്റിയത്.
മുന്നോട്ട് പോകാൻ ശ്രമിച്ച സനുജിന്റെ കാറിനെ പോലീസ് പിന്തുടരുകയും പോലീസ് ജീപ്പുകൾ കുറുകെ കയറ്റി കാറിനെ വളയുകയുമായിരുന്നു. ഇതിനിടയിൽ പോലീസ് വാഹനങ്ങളിൽ കാർ ഇടിക്കുകയും പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേല്ക്കുകയും ചെയ്തു.
അറസ്റ്റിലായ സനൂജ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് തുടങ്ങി ലഹരി വസ്തുക്കളും മദ്യവും വില്പന നടത്തിയതിന് സനുജിന്റെ പേരിൽ ചാത്തന്നൂർ, പാരിപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി.