എഴുകോണ്‍ സിവില്‍ കോംപ്ലക്സ് നിര്‍മാണം; യോഗം ചേര്‍ന്നു
1300413
Monday, June 5, 2023 11:34 PM IST
കൊല്ലം: ബജറ്റില്‍ അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ചു എഴുകോണില്‍ സിവില്‍ കോംപ്ലക്സ് നിര്‍മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികളും വ്യാപാരികളും പങ്കെടുത്ത് യോഗം ചേര്‍ന്നു. ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി കേന്ദ്രമാകുംവിധം എഴുകോണ്‍ ഗ്രാമപഞ്ചായത്ത് ആസ്ഥാനത്തെ വികസിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ പഞ്ചായത്ത് ഓഫീസും മാര്‍ക്കറ്റും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കൂടുതല്‍ സൗകര്യങ്ങളോടെ 10000 ചതുരശ്രയടിയില്‍ കുറയാത്ത വിസ്തൃതിയില്‍ സിവില്‍ കോംപ്ലക്സ് നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.
സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വകാര്യ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാകും സിവില്‍ കോംപ്ലക്സ് നിര്‍മിക്കുക.
വർണാഭമായി
പ്രവേശനോത്സവം
ശാസ്താംകോട്ട : ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പഠനക്രമത്തിലേക്കുള്ള തുടക്കം പരിസ്ഥിതി സൗഹൃദമായിരുന്നു .
വൃക്ഷത്തൈകൾ നൽകിയും വർണക്കുടകൾ ഒരുക്കിയുമാണ് കെജി വിഭാഗത്തിലെ കുട്ടികളെ സ്കൂളിലേക്ക് ആനയിക്കപ്പെട്ടത്.
സ്കൂൾ ഡയറക്ടർ ഫാ. ഡോ.അബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങുകൾക്ക് കെജി വിഭാഗത്തിലേക്ക് കടന്നുവന്ന കുട്ടികളും രക്ഷാകർത്താക്കളും ചേർന്ന് തിരിതെളിച്ചു ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ്, തെങ്ങമം ശശി, പി.ടി.എ. പ്രസിഡന്റ് ആർ ഗിരികുമാർ, കെ.ജി. കോഡിനേറ്റർ കൊച്ചുമോൾ കെ സാമൂവൽ എന്നിവർ സന്ദേശം നൽകി. സ്കൂൾ സെക്രട്ടറി ജോജി റ്റി കോശി പ്രസംഗിച്ചു.