കെ ഫോണ് കേരളത്തിന്റെ മുന്നോട്ടുപോക്കിന് ഊര്ജം പകരുന്ന പദ്ധതി: മന്ത്രി ജെ ചിഞ്ചുറാണി
1300401
Monday, June 5, 2023 11:32 PM IST
കൊല്ലം: സ്വന്തമായി ഇന്റര്നെറ്റ് സംവിധാനമുള്ള ഏക സംസ്ഥാനമായ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഓഗസ്റ്റോടെ വാണിജ്യ കണക്ഷനുകള് നല്കി ലാഭത്തിലാകാന് കെ ഫോണിന് കഴിയുമെന്നും മന്ത്രി ജെ ചിഞ്ചുറാണി.
ചടയമംഗലം നിയോജകമണ്ഡലത്തിലെ കെ ഫോണ് പദ്ധതിയുടെ ഉദ്ഘാടനം ചടയമംഗലം സര്ക്കാര് എം ജി ഹയര് സെക്കന്ഡറി സ്കൂള് ഓഡിറ്റോറിയത്തില് നിര്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കെ ഫോണ് കേരളത്തിന്റെ വികസനത്തിന് ഊര്ജം പകരുന്ന പദ്ധതിയാണെന്നും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്ക്കും പ്രയോജനപ്രദമാണെന്നും മന്ത്രി പറഞ്ഞു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു അധ്യക്ഷയായി.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അമൃത, കടയ്ക്കല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്, ചടയമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബാബുരാജന്, ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയേല്, ഗ്രാമപഞ്ചായത്ത് അംഗം കടയില് സലിം, എ ഡി എം ആര് ബീനറാണി, എല് ആര് തഹസില്ദാര് ജി വിജയകുമാര്, ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
ജില്ലയിലെ എല്ലാ നിയോജകമണ്ഡലാടിസ്ഥാനത്തിലും പരിപാടികള് അനുബന്ധമായി നടന്നു. കെ ഫോണ് ഇരവിപുരം നിയോജകമണ്ഡലം ഉദ്ഘാടനം വടക്കേവിള കോര്പ്പറേഷന് കമ്യൂണിറ്റി ഹാളില് എം നൗഷാദ് എം എല് എ നിര്വഹിച്ചു. ചാത്തന്നൂര് നിയോജകമണ്ഡലതല പരിപാടി ചിറക്കര സര്ക്കാര് ഹൈസ്കൂളില് ജി എസ് ജയലാല് എം എല് എ ഉദ്ഘാടനം ചെയ്തു. ചവറ നിയോജകമണ്ഡലത്തില് ചവറ സര്ക്കാര് എച്ച് എസ് എസ് അയ്യന്കോയിക്കലില് സുജിത്ത് വിജയന് പിള്ള എം എല് എ നിര്വഹിച്ചു. കെ ഫോണ് പുനലൂര് നിയോജകമണ്ഡലതല ഉദ്ഘാടനം പി എസ് സുപാല് എം എല് എ നിര്വഹിച്ചു.
കുന്നത്തൂര് നിയോജകമണ്ഡലത്തില് കെ എസ് എം ഡി ബി കോളജില് കോവൂര് കുഞ്ഞുമോന് എംഎല്എഉദ്ഘാടനം ചെയ്തു. പത്തനാപുരം നിയോജകമണ്ഡലത്തില് കെ ഫോണ് പദ്ധതിയുടെ ഉദ്ഘാടനം കെ ബി ഗണേഷ് കുമാര് എംഎല്എ നിര്വഹിച്ചു. കെ ഫോണ് കൊല്ലം നിയോജക മണ്ഡലത്തിലെ പരിപാടി മേയര് പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
കൊട്ടാരക്കര നിയോജകമണ്ഡലം ഉദ്ഘാടനം മുട്ടറ സര്ക്കാര് എച്ച് എസില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന് ഉദ്ഘാടനം ചെയ്തു. കരുനാഗപള്ളി മണ്ഡലത്തിലെ കുലശേഖരപുരം സര്ക്കാര് ഹൈസ്കൂളില് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. കുണ്ടറ നിയോജകമണ്ഡലം കെ ഫോണ് ഉദ്ഘാടനം പെരിനാട് ഗ്രാമപഞ്ചായത്ത് കോണ്ഫറന്സ് ഹാളില് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന് ഉദ്ഘാടനം ചെയ്തു.