പുനലൂർ താലൂക്ക് സമാജം സ്കൂൾ കൂട്ടായ്മ സംഘടിപ്പിച്ചു
1299056
Wednesday, May 31, 2023 11:33 PM IST
പുനലൂർ: പുനലൂർ താലൂക്ക് സമാജം സ്കൂളിലെ കൂട്ടായ്മ 2023 മാനേജർ അശോക്. ബി.വിക്രമൻ ഉദ്ഘാടനം ചെയ്തു. സമാജം വക എല്ലാ സ്കൂളുകളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും സംയുക്തയോഗമാണ് കൂട്ടായ്മ 2023.
മോട്ടിവേറ്റർ രഞ്ജിത്ത് രാജൻ ജീവനക്കാർക്കായി ക്ലാസുകൾ എടുത്തു. നൂറു ശതമാനം എസ്എസ്എൽസി വിജയം നേടിയ താലൂക്ക് സമാജം വക ചെമ്മന്തൂർ ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, സമാജം ഹൈസ്കൂൾ, ഹയർസെക്കൻഡറി പരീക്ഷയിൽ ഏറ്റവും അധികം വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തുകയും ഏറ്റവുമധികം എ പ്ലസ് കളും ഉയർന്ന വിജയവും നേടിയ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പ്രഥമ അധ്യാപകരെയും അധ്യാപകരെയും പിടിഎ പ്രതിനിധികളെയും വിദ്യാർഥികളെയും യോഗത്തിൽ അഭിനന്ദിച്ചു.
ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ എലിസബത്ത് ചാക്കോ, എച്ച് അഷറഫ്, ജയ വിനയൻ പിള്ള, സുജാ ബാബു എന്നിവരെ യോഗത്തിൽ ആദരിച്ചു.
താലൂക്ക് സമാജം പ്രസിഡന്റ് എസ്.എം ഖലീലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമാജം ഭരണ സമിതി അംഗങ്ങളായ വി. രാമചന്ദ്രൻ പിള്ള, അലക്സ് കെ, ആർ. സുബ്രഹ്മണ്യ പിള്ള, എസ്. സദാനന്ദൻ, പ്രിൻസിപ്പൽ കെ. എം റിയാസുദീൻ, പ്രഥമാധ്യാപകരായ സുജാദേവി, ലീന. കെ. ഡാനിയൽ, ഇന്ദു എം, ഇംഗ്ലീഷ് മീഡിയം സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോണി സി ഐ, എൻപിപിഎം സ്കൂൾ പ്രഥമ അധ്യാപിക ബിന്ദു.എം. എം, ടൈം കിഡ്സ് സ്കൂൾ പ്രഥമ അധ്യാപിക ശ്രീദേവി എന്നിവർ പ്രസംഗിച്ചു.
അന്തരിച്ച താലൂക്ക് സമാജം അംഗങ്ങൾക്കും സ്കൂൾ ജീവനക്കാർക്കും യോഗം അനുശോചനം രേഖപ്പെടുത്തി.