പുരുഷാംഗനമാർ ചമയവിളക്കേന്തി
1280612
Friday, March 24, 2023 11:08 PM IST
വർഗീസ് എം കൊച്ചുപറമ്പിൽ
ചവറ: ആണിലെ പെണ്ണഴകിനെ വിരിയിച്ച് ആഗ്രഹ സഫലീകരണത്തിനായി ചവറ കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിൽ പുരുഷന്മാര് പെണ്‍വേഷം കെട്ടി ചമയ വിളക്കേന്തി. ഐതീഹ്യപ്പെരുമയില്‍ ആചാര വിശുദ്ധിയോടെ വ്രതം നോറ്റ് ചമയ വിളക്കെടുക്കാനായി കേരളത്തിന് പുറമേ അന്യ സംസ്ഥാനത്തും നിന്നും നിരവധി ഭക്തരെത്തിച്ചേർന്നു. ചമയവിളക്കെടുക്കുന്ന ആണിലെ നാരി രൂപത്തെ കാണാൻ തദ്ദേശരും വിദേശികളും ഉള്‍പ്പെടെ നിരവധി പേർ എത്തി .
ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഏവരുടേയും കണ്ണിനു ആശ്ചര്യമേകുന്ന തരത്തിലാണ് പുരുഷൻമാർ സ്ത്രീ വേഷധാരികളായി എത്തിയത് .
അഭീഷ്ടകാര്യ സിദ്ധിക്കായി പുരുഷന്മാര് വ്രതം നോറ്റ് പെണ് വേഷം കെട്ടി വിളക്കെടുക്കുന്ന അപൂര്‍വ ഉത്സവങ്ങളില്‍ ഒന്നാണ് കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തിലെ ചമയ വിളക്ക് . ബാലൻമാർ മുതല്‍ വൃദ്ധന്മാര് വരെ പല വേഷത്തിൽ വിളക്കെടുക്കാനെത്തിയിരുന്നു.
വീട്ടില്‍ നിന്ന് ഒരുങ്ങി വരുന്നവരെയും ഒരുങ്ങാന്‍ മേക്കപ്പ്മാന്മാരെ ആശ്രയിക്കുന്നവരെയും ഇവിടെ കാണാമായിരുന്നു. ഇന്നലെ ചവറ , പുതുക്കാട് കരക്കാരുടെ നേതൃത്വത്തിലാണ് ഉത്സവം നടന്നത്. ഉരുൾച്ച, കലശം, കളഭാഭിഷേകം, ഉച്ചകഴിഞ്ഞ് മൂന്നിന് ഗംഭീര കെട്ടുകാഴ്ച്ച, രാത്രി സേവ, സംഗീതസദസ്, ശ്രീഭൂതബലി, പുലർച്ചെ മൂന്നിന് ചമയവിളക്ക്, അഞ്ചിന് ആറാട്ട് എന്നിവ നടക്കും.
സമാപന ദിവസമായ ഇന്നും ഇതേ ചടങ്ങുകൾ തന്നെ കുളങ്ങര ഭാഗം, കോട്ടയ്ക്കകം കരക്കാരുടെ നേത്യത്വത്തിൽ നടക്കും.