കളഞ്ഞുകിട്ടിയ മാല വിദ്യാർഥിനികൾ തിരിച്ചുനൽകി
1263081
Sunday, January 29, 2023 10:35 PM IST
കലൂർ: സത്യസന്ധതയുടെ പാഠം ജീവിതത്തിൽ പകർത്തി വിദ്യാർഥിനികൾ മാതൃകയായി. കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ എൽഡയും ഗൗരിനന്ദനയുമാണു വിദ്യാലയ മുറ്റത്തുനിന്നു കളഞ്ഞുകിട്ടിയ സ്വർണമാല പ്രധാനാധ്യാപകനെ ഏൽപ്പിച്ച് സ്കൂളിനു അഭിമാനമായത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഇടവേളസമയത്താണ് എൽഡയ്ക്കും ഗൗരിനന്ദനയ്ക്കും മാല ലഭിച്ചത്. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി എയ്ഞ്ചൽ ജിജോയുടേതായിരുന്നു മാല. സ്കൂളിൽനിന്നു വീട്ടിൽ എത്തിയപ്പോഴാണു 10 ഗ്രാം തൂക്കമുള്ള മാല നഷ്ടപ്പെട്ട വിവരം എയ്ഞ്ചലിന്റെ മാതാപിതാക്കൾ അറിയുന്നത്. വെള്ളിയാഴ്ച പ്രധാനാധ്യാപകൻ ഷാബു കുര്യാക്കോസിനെ വിവരം ധരിപ്പിച്ചപ്പോഴാണു സ്കൂളിലെ വിദ്യാർഥിനികൾക്കു മാല ലഭിച്ച വിവരം എയ്ഞ്ചലിന്റെ മാതാപിതാക്കൾ അറിയുന്നത്.
ഇന്ന് കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കരയുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപകൻ മാല എയ്ഞ്ചലിനു കൈമാറും. എൽഡയ്ക്കും ഗൗരിനന്ദനയ്ക്കും പ്രത്യേക അസംബ്ലിയിൽ അനുമോദനവും നൽകും.
കടവൂർ തെരുവയിൽ ബിജുവിന്റെയും സോഫിയുടെയും മകളാണ് എൽഡ. ഈസ്റ്റ് കലൂർ കാരുകുന്നേൽ ബിജേഷിന്റെയും അനിതയുടെയും മകളാണ് ഗൗരിനന്ദന.