പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഹസനമാകുന്നു: കെപിഎസ്ടിഎ
1262230
Wednesday, January 25, 2023 11:27 PM IST
കൊല്ലം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപക ക്ഷാമം രൂക്ഷമാണെന്നും ഭിന്നശേഷി സംരക്ഷണ പ്രശ്നം പരിഹരിച്ച് എയ്ഡഡ് മേഖലയിൽ അധ്യാപകർക്ക് നിയമാനാംഗീകാരം നൽകണമെന്നും പിഎസ് സിയെ നോക്കുകുത്തിയാക്കാതെ ഫിക്സേഷൻ ഉത്തരവിറക്കി ഗവ.സ്കൂളുകളിലെ നാലായിരത്തോളം ഒഴിവുകൾ നികത്തണമെന്നും കെപിഎസ്ടിഎ മൈനാഗപ്പള്ളി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു..
സാമ്പത്തികപ്രതിസന്ധിയുടെ കാരണം പറഞ്ഞ് അപ്രഖ്യാപിത നിയമന നിരോധനമാണ് നിലവിലുള്ളതെന്നും അതിന്റെ ഭാഗമായി എയ്ഡഡ് മേഖലയിലെ 15000 ത്തോളം തസ്തികകളിൽ നിയമനം അംഗീകരിക്കുന്നില്ലെന്നും സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഹസനമാണെന്നും ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ആരോപിച്ചു. ഉച്ചഭക്ഷണ തുക വർധിപ്പിക്കാത്തത് മൂലം പ്രധാനധ്യാപകർ കടക്കെണിയിലാകുന്ന അവസ്ഥയിൽ അടിയന്തിരമായി തുക വർധിപ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ബ്രാഞ്ച് പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം ബി.ജയചന്ദ്രൻൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി സംസ്കാര സാഹിതി ജില്ലാ ചെയർമാനായി തെരഞ്ഞെടുത്ത എബി പാപ്പച്ചനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസി റീന തോമസ്, അൻവർ ഇസ്മയിൽ, ബി.സേതുലക്ഷ്മി, ബൈജു ശാന്തിരംഗം, എം. പി ജോൺ, മിനി ഭാസുരാംഗൻ, വരുൺ ലാൽ, ഇ. നാസിം, രാജ് ലാൽ തോട്ടുവാൽ, അശ്വതി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഉണ്ണി ഇലവിനാൽ-ബ്രാഞ്ച് പ്രസിഡന്റ്, രാജ് ലാൽ തോട്ടുവാൽ-ബ്രാഞ്ച് സെക്രട്ടറി, അശ്വതി മോഹൻ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.