വാക്കുപാലിച്ച് നഗരസഭാധ്യക്ഷൻ: അതിഥി തൊഴിലാളിയുടെ മകന് വസ്തുവിന് പണം കൈമാറി
1246664
Wednesday, December 7, 2022 11:25 PM IST
കൊട്ടാരക്കര: കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയം നേടിയ അതിഥി തൊഴിലാളിയുടെ മകന് നൽകിയ വാഗ്ദാനം നിറവേറ്റി കൊട്ടാരക്കര നഗരസഭാധ്യക്ഷൻ എ ഷാജു.
നെടുവത്തൂർ ഇവിഎച്ച്എസ് സ്കൂളിലെ പത്താം വിദ്യാർഥി ആയിരുന്ന ഉത്തർ പ്രദേശ് സ്വദേശി റാം കരണിന്റേയും സവിതയുടെയും മകനായ കുൽദീപിന് വീട് വയ്ക്കാനുള്ള വസ്തു വാങ്ങാൻ സഹായിക്കുമെന്ന് എ.ഷാജു എ പ്ലസ് വിജയ സമയത്ത് വാഗ്ദാനം നൽകിയിരുന്നു. നെടുവത്തൂർ ചാലൂക്കോണത്ത് വാടക വീട്ടിലാണ് കുൽദീപും കുടുംബവും കഴിയുന്നത്.
കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചടങ്ങിൽ ഭൂമി വാങ്ങുന്നതിനായി ഒരു ലക്ഷം രൂപയുടെ ചെക്ക് നഗരസഭാധ്യക്ഷൻ കുൽദീപിന്റെ പിതാവിന് കൈമാറി. നഗരസഭാധ്യക്ഷനും സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ച തുകയാണ് ആദ്യഘട്ടമായി കൈമാറിയത്.
ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റ് വി. ഗോപകുമാർ , സ്്കൂൾ പ്രിൻസിപ്പൽ ജിജി വിദ്യാധരൻ, ഹെഡ്മിസ്ട്രസ് സിന്ധു എസ് നായർ, മാനേജർ കെ. സുരേഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ തന്നെ പ്ലസ് വൺ വിദ്യാർഥിയാണ് കുൽദീപ്.