ടൂറിസ്റ്റ് ബസുകളിൽ പരിശോധന
1228361
Friday, October 7, 2022 11:11 PM IST
കൊട്ടാരക്കര: വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് കൊട്ടാരക്കര മേഖലയിലെ ടൂറിസ്റ്റു ബസുകളിൽ പരിശോധന നടത്തി. ടൂർ ഓപ്പറേറ്റർമാർ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന സ്ഥലങ്ങളിലെത്തിയായിരുന്നു പരിശോധന.
അപകട പശ്ചാത്തലത്തിൽ പരിശോധന നടക്കുമെന്ന നിഗമനത്തിൽ മിക്ക ബസുകളിലെയും അധിക ഫിറ്റിംഗ്സുസുകൾ ഒഴിവാക്കിയ നിലയിലായിരുന്നു.എന്നാൽ ചില ബസുകളിൽ ഉച്ചത്തിലുള്ള മ്യൂസിക് സിസ്റ്റവും അധിക ലൈറ്റുകളും പ്രവർത്തിച്ചിരുന്നു. ഇവർക്കെല്ലാം താക്കീതു നൽകി.
അഴിച്ചിട്ടിരുന്ന വേഗപ്പൂട്ടുകൾ തിരികെ ഫിറ്റു ചെയ്തിട്ടുള്ളതായും കണ്ടെത്തി. കൊട്ടാരക്കര മേഖലയിലെ ടൂർ ഓപ്പറേറ്റർമാർക്കെല്ലാം മാർഗ നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകി തുടങ്ങിയിട്ടുണ്ട്.
വിദ്യാലയങ്ങളിൽ നിന്ന് പഠനയാത്രകൾ പോകുന്നതിന് മുൻപ് മോട്ടോർ വാഹന വകുപ്പിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന നിർദേശവും വിദ്യാലയങ്ങൾക്ക് നൽകി തുടങ്ങി.