അറിവിന്റെ ആദ്യക്ഷരം നുകർന്ന് കുരുന്നുകൾ
1227546
Wednesday, October 5, 2022 10:43 PM IST
കൊല്ലം: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യക്ഷരം നുകർന്ന് കുരുന്നുകൾ. ക്ഷേത്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ലൈബ്രറികൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭം കുറിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.
വിപുലമായ ചടങ്ങുകളാണ് മിക്കയിടത്തും സംഘാടകർ ഒരുക്കിയിരുന്നത്. എഴുത്തുകാരും സാമൂഹ്യ-സാംസ്കാരിക നായകരും ഉൾപ്പെടെ വിവിധ രംഗങ്ങളിലെ പ്രമുഖർ വിദ്യാരംഭത്തിന് ആചാര്യന്മാരായി. മധുരം നൽകിയാണ് എല്ലായിടത്തും കുഞ്ഞുങ്ങളെ അക്ഷര ലോകത്തേക്ക് പിച്ചവയ്ക്കാൻ സ്വീകരിച്ചത്.
കോവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ഇക്കുറി വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്. പുലര്‍ച്ചെ മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു.
അഞ്ചല്‍: കുളത്തുപ്പുഴ ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ രാവിലെ മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കിഴക്കന്‍ മേഖലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് കുരുന്നുകളെയാണ് ഇവിടെ ആദ്യക്ഷരം കുറിക്കാന്‍ എത്തിച്ചത്. ക്ഷേത്രം മേല്‍ശാന്തി ശംഭു ശര്‍മ വിദ്യാരംഭ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ ജി രാജന്, വൈസ് പ്രസിഡന്റ് മുരളീധരന്, സബ് ഗ്രൂപ്പ് ഓഫീസര്‍ പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. കുട്ടികളുടെ നേതൃത്വത്തിലുള്ള സംഗീത സദസും സംഘടിപ്പിച്ചിരുന്നു.
അഞ്ചല്‍ വടമണ്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകളില്‍ ഗവ.ലോ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ കെ.സി.മോഹന്‍കുമാര്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യക്ഷരം കുറിച്ചു. വിപുലമായ ഒരുക്കങ്ങളാണ് ഇവിടെ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നത്. കോട്ടുക്കല്‍ മഞ്ഞിപ്പുഴ ഭഗവതി ക്ഷേത്രത്തില്‍ ഡോ.അരവിന്ദ് രാധാകൃഷ്ണന് ആദ്യക്ഷരം കുറിച്ചു. അഞ്ചൽ കടയാറ്റ് കളരീ ദേവീക്ഷേത്രത്തിൽ കവി അനീഷ് കെ അയിലറ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.
പാരിപ്പള്ളി: കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്ര സന്നിധിയിൽ നൂറു കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. വിദ്യാരംഭത്തിന് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ഭരണ സമിതി ഒരുക്കിയിരുന്നത്. പ്രത്യേകം തയാറാക്കി പൂജ നടത്തിയ സാരസ്വതഘൃത വിതരണവും നടത്തി.
വിജയദശമി ദിനത്തിൽ പുലർച്ചേ ഗണപതി ഹോമത്തിന് ശേഷം സരസ്വതി പൂജയും സരസ്വതി മണ്ഡപത്തിൽ പൂജ സമർപ്പണവും നടത്തി. തുടർന്ന് പ്രതിഭാ സംഗമം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ പ്രശസ്ത വിജയം കൈവരിച്ചവരെയും ക്ഷേത്ര ഭരണ സമിതിയുടെ ഉപഹാരങ്ങൾ സമ്മാനിച്ച് അനുമോദിച്ചു. സാരസ്വതഘൃതം തയാറാക്കിയ ഡോ.രവി രാജൻ, ഡോ. രാഗിണി എന്നിവരെയും അനുമോദിച്ചു. തുടർന്ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.
ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ.ജെ.ജയപ്രകാശ്, മുൻ എം എൽ എ ആയിഷ പോറ്റി, ദേശീയ അധ്യാപക അവാർഡ് ജേതാവായ പത്മാലയം ആർ രാധാകൃഷ്ണൻ, പത്രപ്രവർത്തകൻ ഡോ. ഇന്ദ്ര ബാബു, ഡോ. പി .എൽ. സാബു, ഡോ. അഞ്ജനദേവി, ഡോ. ജോൺസൺ കരൂർ, ഡോ. തോട്ടം ഭൂവനേന്ദ്രൻ നായർ, ഡോ. ഹേനാ ലാൽ, എൻ. രാജൻ നായർ, സംഗീതാധ്യാപിക ഷീലാമധു, നൃത്താധ്യാപകനായ രാജൻ നികു ജ്ഞിതം എന്നിവരായിരുന്നു ആദ്യക്ഷരം പകർന്നു കൊടുത്ത ഗുരുക്കന്മാർ.
കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിൽ വിജയദശമി ഉത്സവത്തോട്നുബന്ധിച്ചു നൂറ് കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. രാവിലെ 7.30 നു ദേവി നടയിൽ ക്ഷേത്രം മേൽശാന്തി പി പ്രസാദിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
ചവറ: വിജയദശമി ദിനത്തില്‍ നിരവധി കരുന്നുകള്‍ ആദ്യക്ഷരം കുറിച്ച് അക്ഷരകുടുംബത്തിലെ അംഗങ്ങളായി.
രാവിലെ മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ ഭക്ത ജനത്തിരക്കനുഭവപ്പെട്ടു. രാവിലെ 7.30- ഓടെ പൂജയെടുപ്പും തുടര്‍ന്ന് കുരുന്നുകൾ വിദ്യാരംഭം കുറിക്കുകയും ചെയ്തു.
പന്മന ആശ്രമത്തില്‍ ചട്ടമ്പിസ്വാമി സമാധി പീഠത്തില്‍ വിദ്യാഗോപാലര്‍ച്ചന, ത്രിപുര സുന്ദരി പ്രസാദ പൊങ്കാല എന്നിവയും നടന്നു. വിദ്യാരംഭ ചടങ്ങുകള്‍ക്ക് പന്മന ആശ്രമ ആചാര്യന് സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി സര്‍വാത്മാനന്ദ തീര്‍ഥ പാദര്‍ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. നിരവധി പേര് അക്ഷരം കുറിക്കാനെത്തിയിരുന്നു.
തേവലക്കര തെക്കൻ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അക്കാദമിക് കൗണ്‍സില്‍ ഇഗ്നോ റിട്ട. പ്രഫ. ഡോ. ആര്.എസ് രാജീവ്, തിരുനന്തപുരം യൂണിവേഴ്സിറ്റി കോളേജ് റിട്ട. പ്രഫ. രഘുനാഥന്‍പിള്ള എന്നിവര്‍ ആദ്യക്ഷരത്തിന്റെ മധുരം കുരുന്നുകള്‍ക്ക് പകര്‍ന്ന് നല്കി. പന്മന മിന്നാം തോട്ടില്‍ ദേവി ക്ഷേത്രം, പൊന്മന കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രം, കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രം തുടങ്ങി വിവിധയിടങ്ങളില്‍ ആദ്യക്ഷരം കുറിക്കാൻ നിരവധി പേർ എത്തിയിരുന്നു.