കുന്നിടിക്കലും നിലംനികത്തലും വ്യാപകം: സർക്കാർ വകുപ്പുകൾക്ക് മിണ്ടാട്ടമില്ല
1226054
Thursday, September 29, 2022 11:24 PM IST
കൊട്ടാരക്കര: താലൂക്കിൽ കുന്നിടിക്കലും മണ്ണുകടത്തലും നിലംനികത്തലും വ്യാപകമായി നടന്നു വരുന്നു. റവന്യു, പോലീസ്, പഞ്ചായത്തു വകുപ്പുകൾ കണ്ട ഭാവം നടിക്കുന്നില്ല
ഒരു മാസത്തിലധികമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണെടുപ്പും നിലംനികത്തലും നടന്നു വരുന്നുണ്ട്. എം സി റോഡിനോടു ചേർന്നുള്ള കുന്നുകൾ പകൽ സമയങ്ങളിലാണ് ഇടിച്ചു നിരത്തുന്നത്. കൊട്ടാരക്കര പുലമൺ ഗോവിന്ദമംഗലം ഭാഗത്ത് ഒരു ഏലായുടെ പകുതിയോളം നികത്തി കഴിഞ്ഞു.
കോട്ടാത്തല മൂഴിക്കോട് ഭാഗത്ത് പ്രധാന റോഡിനോട് ചേർന്ന് പകൽ സമയത്തായിരുന്നു കുന്നിടിക്കലും മണ്ണുകടത്തും. വെണ്ടാറിൽ രണ്ടിടത്തായി രണ്ടേക്കറിലധികം ഭൂമിയിലെ മണ്ണാണ് കടത്തിയത്. മൈലത്ത് എംസി റോഡിനോടു ചേർന്നുള്ള നിലങ്ങൾ ഏറെ കുറെ നികത്തപ്പെട്ടു കഴിഞ്ഞു.
കുന്നത്തൂർ കരുനാഗപ്പള്ളി മേഖലകളിൽ നിലം നികത്തുന്നതിനും കിഴക്കൻ മേഖലയിലെ മണ്ണാണ് ഉപയോഗിച്ചു വരുന്നത്. മണ്ണിന് വൻവില ഇവിടെ ലഭിക്കും.
സ്വന്തമായി വീടില്ലാത്തവർക്ക് വീടുവക്കാൻ അഞ്ച് സെന്റിലെ മണ്ണ് നീക്കം ചെയ്യാനും അഞ്ച് സെന്റ് നിലം നികത്താനും മാത്രമാണ് പെർമിറ്റനുവദിക്കുക. ഇതിന്റെ മറപിടിച്ചാണ് ഏക്കറുകണക്കിന് സ്ഥലത്തെ മണ്ണ് എടുക്കുന്നതും പാടം നികത്തുന്നതും. കിഴക്കൻ മേഖലയിലെ മണ്ണെടുപ്പിനെല്ലാം പെർമിറ്റ് നൽകി വരുന്നത് ജിയോളജി വകുപ്പാണ്. ആരപേക്ഷിച്ചാലും പെർമിറ്റ് നൽകുന്നതാണ് ഇവരുടെ രീതി. സ്ഥല പരിശോധന പോലും നടത്താറില്ല. വൻ സാമ്പത്തിക ക്രമക്കേടുകൾ ഇതിനു പിന്നിൽ നടക്കുന്നതായാണ് ആരോപണം. ജിയോളജി വകുപ്പ് പെർമിറ്റു നൽകിയാലും പഞ്ചായത്തിന്റെ അനുമതിപത്രം ആവശ്യമാണ്. എന്നാൽ ഈ ആവശ്യത്തിനായി മണ്ണെടുപ്പു ലോബികളൊന്നും പഞ്ചായത്തുകളെ സമീപിക്കാറില്ല. പ്രാദേശിക ജനപ്രതിനിധികളും രാഷട്രീയ പ്രവർത്തകും ഇവിടെ മണ്ണെടുപ്പു ലോബിയുടെ സഹായത്തിനെത്തും. എൽ ഡി എഫിലെ രണ്ടു രാഷ്ടീയ പാർട്ടികളിലെ ചില നേതാക്കളെ കുറിച്ച് പരക്കെ ആക്ഷേപമുണ്ട്. മണ്ണെടുപ്പിനും നിലംനികത്തലിന്നും സാമ്പത്തിക ലാഭത്തിനായി ഒത്താശ ചെയ്യുന്നത് ഇക്കൂകൂട്ടരാണെന്നാണ് ആരോപണം
ജിയോളജി വകുപ്പ് പെർമിറ്റു നൽകിയാലും അതു പരിശോധിക്കാൻ റവന്യു വകുപ്പിന് അധികാരമുണ്ട്. എന്നാൽ പകൽ സമയങ്ങളിൽ മണ്ണെടുത്താലും ടൗണിലൂടെ മണ്ണ് കടത്തികൊണ്ടു പോയാലും റവന്യു വകുപ്പ് അറിഞ്ഞതായി ഭാവിക്കുന്നില്ല. പരാതിക്കാർ വിളിച്ചറിയിച്ചാലും തിരിഞ്ഞു നോക്കാറില്ല. മണ്ണെടുപ്പ് ലോബിയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ കെട്ടേണ്ടിടിടത്തെല്ലാം കെട്ടിയിട്ടാണ് എടുപ്പും കടത്തും നടത്തുന്നത്.
അനിയന്ത്രിതമായ മണ്ണെടുപ്പുമൂലം റോഡുകളെല്ലാം നശിച്ചു തുടങ്ങി. അടുത്ത കാലങ്ങളിൽ നവീകരിച്ച റോഡുകൾ പോലും തകർന്നിട്ടുണ്ട്. ടിപ്പറുകളുടെ അമിത ലോഡും അതിവേഗവുമാണ് റോഡുകൾ തകരാൻ കാരണം.