സര്‍ക്കാര്‍ സ്കൂളുകളില്‍ ക്രിയേറ്റീവ് കോര്‍ണറുകള്‍
1571784
Tuesday, July 1, 2025 12:58 AM IST
കാസര്‍ഗോഡ്: കേവലം പരീക്ഷകള്‍ ജയിക്കുന്നതിനുള്ള ഉപാധിയായി മാത്രം വിദ്യാഭ്യാസത്തെ കാണാതെ പുതിയ കാലത്തിന്റെ ആവശ്യമനുസരിച്ച് പഠനത്തില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ആശയം അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ക്രിയേറ്റീവ് കോര്‍ണറുകള്‍. പരമ്പരാഗത ലബോറട്ടറി പഠനത്തിന്റെ പരിമിതികള്‍ക്കപ്പുറത്തേക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കേരള പൊതുവിദ്യാഭ്യാസ വകുപ്പ്, കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെ അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന 600 ക്ലാസ് മുറികളാണ് ഈ പദ്ധതി വഴി ക്രിയേറ്റീവ് കോര്ണറുകള ആയി മാറുന്നത്. വയറിംഗ്, പ്ലംബിംഗ്, കൃഷി, ഫാഷന്‍ ടെക്നോളജി, പാചകകല തുടങ്ങിയ മേഖലകളില്‍ നേരിട്ടുള്ള പരിശീലനം ലഭ്യമാക്കുന്ന പുതിയ അധ്യാപനരീതിയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
2023-24 അധ്യയന വര്‍ഷത്തിലെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതി സംസ്ഥാനത്തെ 300 അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ നടപ്പാക്കും. വിദ്യാലയങ്ങളിലെ പ്രവര്‍ത്തി പരിചയ ക്ലബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് കോര്‍ണറുകളിലൂടെ വിവിധ തൊഴില്‍ ബന്ധിത പ്രവര്‍ത്തനങ്ങളിലൂടെ പാഠപുസ്തകത്തിലെ ആശയങ്ങളെ രസകരവും ക്രിയാത്മകവുമായി കുട്ടികളിലേക്ക് എത്തിക്കാനും തൊഴിലും വിജ്ഞാനവും രണ്ടായി നില്‍ക്കേണ്ടതല്ലെന്ന ബോധ്യം കുട്ടികളില്‍ ഉണ്ടാക്കി അതിലൂടെ വിവിധ തൊഴില്‍ മേഖലകളെക്കുറിച്ചുള്ള ശരിയായ മനോഭാവവും ധാരണയും വളര്‍ത്താനും സഹായിക്കും കുട്ടികള്‍ക്ക് തങ്ങളുടെ ക്രിയാത്മകത കൂടി പ്രകടിപ്പിക്കാന്‍ അവസരമുള്ള ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാകും നല്‍കുക.
നിലവില്‍ ജില്ലയിലെ 12 സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് ക്രിയേറ്റീവ് കോര്‍ണറുകള്‍ ഒരുക്കിയിരിക്കുന്നത്. പിലിക്കോട് ഗവ.യുപി സ്കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ക്രിയേറ്റീവ് കോര്‍ണിന്റെ ഉദ്ഘാടനം എം. രാജഗോപാലന്‍ എംഎല്‍എ നിര്‍വഹിച്ചു. ബാക്കിയുള്ള മുഴുവന്‍ വിദ്യാലയങ്ങളിലെയും ക്രിയേറ്റീവ് കോര്‍ണറുകളുടെ പണി ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.