പഞ്ചായത്തിന്റെ അവഗണന: റോഡ് നന്നാക്കാൻ നാട്ടുകാർ നേരിട്ടിറങ്ങി
1571778
Tuesday, July 1, 2025 12:58 AM IST
ചീമേനി: പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡായിട്ടും ഇതുവരെ ടാറിംഗ് പോലും നടത്താതെ കാട്ടുവഴി പോലെ നിൽക്കുന്ന ചീമേനി കോട്ട - പിലാന്തോളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഒടുവിൽ നാട്ടുകാർ നേരിട്ടിറങ്ങി.
ബന്ധപ്പെട്ട പ്രദേശങ്ങളിലെ സ്ത്രീകളുൾപ്പെടെ ഇറങ്ങിയാണ് റോഡിനെ കല്ലും മണ്ണുമിട്ട് നിരപ്പാക്കി തത്കാലത്തേക്കെങ്കിലും ഗതാഗതയോഗ്യമാക്കിയത്.
പിലാന്തോളി ഭാഗത്തുനിന്നുള്ളവർക്ക് ചീമേനി, ചെറുവത്തൂർ ടൗണുകളിലേക്കു പോകാനുള്ള ഏക മാർഗമാണ് ഈ റോഡ്. കുണ്ടും കുഴികളും കയറ്റിറക്കങ്ങളുമായി കിടക്കുന്നതിനാൽ ഓട്ടോറിക്ഷകൾ പോലും ഇതുവഴി പോകാൻ മടിക്കുകയാണ്.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ പലതവണ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇനിയും അവഗണന തുടർന്നാൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനതീതമായി ഈ വിഷയം ഉയർത്താനാണ് ഇവരുടെ തീരുമാനം.