കൈയാങ്കളിയിൽ പഞ്ചായത്തംഗത്തിനെതിരെ കേസ്
1450645
Thursday, September 5, 2024 12:59 AM IST
ചിറ്റാരിക്കാൽ: ക്വാറം തികയാൻ ആവശ്യമായ അംഗങ്ങളുടെ പകുതി പേർ പോലും ഹാജരാകാതിരുന്നതിനെ തുടർന്ന് ഈസ്റ്റ് എളേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ഗ്രാമസഭ നിർത്തിവച്ചു. തുടർന്നുണ്ടായ കൈയാങ്കളിക്കിടെ ഗ്രാമസഭയുടെ കോ-ഓർഡിനേറ്ററായ ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് വാർഡ് അംഗം ജയിംസ് പന്തമ്മാക്കലിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.
വാർഡിലെ ജനസംഖ്യ അനുസരിച്ച് ഗ്രാമസഭയിൽ ക്വാറം തികയാൻ 179 അംഗങ്ങളെങ്കിലും ഹാജരായിരിക്കണമെന്നാണ് ചട്ടം.
എന്നാൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത ഗ്രാമസഭയിൽ 85 പേർ മാത്രമാണ് ഹാജരായിരുന്നത്. ക്വാറം തികയാതെ ഗ്രാമസഭ നടത്താനാവില്ലെന്ന് കോ-ഓർഡിനേറ്ററായിരുന്ന കൃഷി അസിസ്റ്റന്റ് എ. അനുരാജ് വാർഡ് അംഗത്തെ അറിയിക്കുകയായിരുന്നു.
എന്നാൽ വാർഡ് അംഗം ഇതിനെ ചോദ്യം ചെയ്യുകയും കോ-ഓർഡിനേറ്ററുടെ കൈയിൽനിന്ന് മിനുട്സ് ബുക്ക് ബലമായി പിടിച്ചുവാങ്ങുകയുമായിരുന്നു. തുടർന്ന് ഇതിൽ 21 പേരുകൾ എഴുതിച്ചേർത്തതായും പറയുന്നു.
ബഹളം കേട്ടെത്തിയ പഞ്ചായത്ത് ജീവനക്കാരാണ് പോലീസിനെ വിളിച്ചത്. പോലീസ് ഇരുവിഭാഗവുമായും സംസാരിച്ച് മിനുട്സ് ബുക്ക് തിരിച്ചുവാങ്ങി കോ-ഓർഡിനേറ്ററെ ഏല്പിക്കുകയായിരുന്നു.
ഇതോടെ ഗ്രാമസഭ നിർത്തിവയ്ക്കുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വാർഡ് അംഗത്തിനെതിരെ പോലീസിൽ പരാതി നല്കുകയായിരുന്നു.
രണ്ടാം വാർഡിൽ നേരത്തേയും രണ്ടുതവണ സാങ്കേതിക കാരണങ്ങളുടെ പേരിൽ ഗ്രാമസഭ മുടങ്ങിയിരുന്നു.
പ്രതിഷേധവുമായി പഞ്ചായത്ത്
ജീവനക്കാർ
ഈസ്റ്റ് എളേരി പഞ്ചായത്തിൽ ജീവനക്കാർക്ക് സത്യസന്ധമായും നിർഭയമായും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർക്കും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും പഞ്ചായത്ത് പ്രസിഡന്റിനും നിവേദനം നല്കി.
ഗ്രാമസഭ കോ-ഓർഡിനേറ്റർമാരെ നിയമപരമായി ജോലി ചെയ്യാൻ അനുവദിക്കാതെ ഭീഷണിപ്പെടുത്തുകയും മിനുട്സ് ബുക്ക് ബലമായി പിടിച്ചുപറിച്ച് വ്യാജ ഒപ്പിട്ട് ക്വാറം തികയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാർ പറഞ്ഞു. ജീവനക്കാർക്ക് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പ്രവർത്തിക്കാൻ ബാധ്യതയുണ്ട്.
നിയമവിരുദ്ധമായി പ്രവർത്തിക്കാൻ കൂട്ടാക്കാത്ത ജീവനക്കാർക്ക് ചില ഭരണസമിതി അംഗങ്ങളിൽ നിന്ന് തുടർച്ചയായി ദുരനുഭവങ്ങൾ ഉണ്ടാകുന്നു. രണ്ടാം വാർഡിൽ ഗ്രാമസഭയുമായി ബന്ധപ്പെട്ടും മറ്റു കാരണങ്ങളുടെ പേരിലും പഞ്ചായത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്നും ജീവനക്കാർ പറഞ്ഞു.