എയിംസ്, കാണിയൂര്‍ റെയില്പാതയെച്ചൊല്ലി മുഖ്യമന്ത്രിയും എംപിയും തമ്മില്‍ വാക്കേറ്റം
1436524
Tuesday, July 16, 2024 1:48 AM IST
കാസർഗോഡ്: എയിംസിന്റെയും കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയുടെയും പേരില്‍ മുഖ്യമന്ത്രിയും രാജ്മോഹന്‍ ഉണ്ണിത്താനും തമ്മില്‍ വാക്കേറ്റം. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തിലാണ് എംപിയും മുഖ്യമന്ത്രിയും തമ്മില്‍ വാക്കേറ്റം ഉണ്ടായത്.
കാസര്‍ഗോഡിന് അനുവദിച്ച മെഡിക്കല്‍ കോളജ് കാര്യക്ഷമമല്ലെന്നും ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും മറ്റു താലൂക്ക് ആശുപത്രികളിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്നും കാസര്‍ഗോഡ് ജനതയോട് എല്‍ഡിഎഫ് സര്‍ക്കാരിന് ചിറ്റമ്മനയം ആണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി കുറ്റപ്പെടുത്തി. കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍ഗോഡിന് ലഭിക്കാനാവശ്യമായ ഇടപെടല്‍ നടത്തണമെന്നും അതിനായി കേന്ദ്രത്തിന് സമര്‍പ്പിക്കുന്ന ലിസ്റ്റില്‍ കാസര്‍ഗോഡ് ജില്ലയെ ഉള്‍പ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.
എന്നാല്‍ കാസര്‍ഗോഡിനെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ലെന്നും കോഴിക്കോട് കിനാലൂരില്‍ എയിംസ് വേണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍ പാത വികസനത്തിന് ആവശ്യമായ എന്‍ഒസി നല്‍കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ആവശ്യപ്പെട്ടതും മുഖ്യമന്ത്രി നിരസിച്ചു. ഇതേതുടര്‍ന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി യോഗത്തില്‍ ശക്തമായി പ്രതിഷേധിച്ചത്. ഇത് ഇരുവരും തമ്മിലുള്ള വാക്പോരില്‍ കലാശിച്ചു.
പിണറായി സര്‍ക്കാര്‍ കാസര്‍ഗോഡിനെ നിരന്തരമായി അവഗണിച്ച് അപമാനിക്കുകയാണെന്ന് ഈ യോഗത്തിനുശേഷം എംപി പ്രസ്താവിച്ചു.
ഇതു ജനങ്ങള്‍ തിരിച്ചറിയുമെന്നും കാസര്‍ഗോഡിന് വേണ്ടി ശക്തമായ പോരാട്ടം തുടരുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.