വനപാതകളിൽ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്
1414830
Sunday, April 7, 2024 6:21 AM IST
കാസർഗോഡ്: ജില്ലയിൽ വനമേഖലയിലൂടെ കടന്നുപോകുന്ന റോഡുകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായ സാഹചര്യത്തിൽ രാത്രികാല യാത്രകളിൽ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്.
വനമേഖലയിലെ റോഡുകളിൽ 30 കിലോമീറ്റർ വേഗ നിയന്ത്രണം പാലിക്കണമെന്നും അടിയന്തര സാഹചര്യത്തിൽ വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീമിനെ (ആർആർടി) ബന്ധപ്പെടണമെന്നുമാണ് നിർദേശം. 85476 02583 എന്ന നമ്പറിൽ ആർആർടിയെ ലഭ്യമാകും.
പാണത്തൂർ കല്ലപ്പള്ളി, മരുതോംതട്ട്, ചെർക്കള-ജാൽസൂർ അന്തർസംസ്ഥാന പാതയിൽ കൊട്ടിയാടി മുതൽ പഞ്ചിക്കൽ വരെയുള്ള ഭാഗം, ദേലംപാടി, പള്ളഞ്ചി, പാണ്ടി, അഡൂർ, പുലിപ്പറമ്പ്, കടുമന, എരിഞ്ഞിപ്പുഴ തുടങ്ങിയ ഭാഗങ്ങളിലാണ് ജില്ലയിൽ വനമേഖലയിലൂടെ റോഡുകൾ കടന്നുപോകുന്നത്. ഇതിൽ കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലെ പല പ്രദേശങ്ങളിലും ആനയേയും കാട്ടുപോത്തിനേയും റോഡിൽ കാണുന്നത് നിത്യസംഭവമാണ്.
കാട്ടാന റോഡ് മുറിച്ചുകടക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം ഒരു യാത്രക്കാരൻ പകർത്തി പ്രചരിപ്പിച്ചിരുന്നു. വനമേഖലയിൽ വച്ചാണെങ്കിൽ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാതെ അവയുടെ വഴിക്ക് വിടണമെന്നും ജനവാസമേഖലയാണെങ്കിൽ ഉടൻതന്നെ ആർആർടിയെ വിവരമറിയിക്കണമെന്നുമാണ് വനംവകുപ്പിന്റെ നിർദേശം. കാട്ടിലും ജലക്ഷാമം അനുഭവപ്പെടുന്നതാണ് വന്യമൃഗങ്ങളുടെ സഞ്ചാരം കൂടാൻ കാരണമെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം.
കർണാടക വനാതിർത്തിയോട് ചേർന്നുകിടക്കുന്ന കല്ലപ്പള്ളി മാമ്പള്ളത്ത് പുലിയുടെ സാന്നിധ്യം സംശയിക്കുന്നതിനാൽ വനംവകുപ്പ് കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇത് കർണാടക വനവും പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടവും അതിരിടുന്ന പ്രദേശമാണ്. കഴിഞ്ഞദിവസം സന്ധ്യയോടെ ഇവിടെ ഒരു വീട്ടിലെ വളർത്തുനായയെ ആക്രമിച്ച് കൊന്നത് പുലി തന്നെയാണെന്ന് നേരിട്ടു കണ്ടതായി വീട്ടുകാർ പറയുന്നു.
അടുത്ത വീട്ടിലെ നായയേയും ദിവസങ്ങൾക്കു മുമ്പ് അജ്ഞാതജീവി ആക്രമിച്ചിരുന്നു. അതിർത്തിഗ്രാമങ്ങളായ കല്ലപ്പള്ളി, ദൊഡ്ഡെമന, പരിയാരം പ്രദേശങ്ങളിൽ ഒരു മാസത്തിലേറെയായി പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
പുലിപ്പേടി മാറാതെ കല്ലപ്പള്ളി
രാജപുരം: പാണത്തൂര്‍ കല്ലപ്പള്ളിയില്‍ കഴിഞ്ഞദിവസം നാട്ടുകാർ കണ്ട പുലിയെ ഇനിയും വനംവകുപ്പിന് കണ്ടെത്താനായില്ല. ദിവസങ്ങളായി വനം വകുപ്പ് തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും നാട്ടുകാരുടെ ഭീതി അകറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കല്ലപ്പള്ളി മാമ്പളത്തെ എന്‍.കെ. ജയകുമാറിന്റെ ഭാര്യ വിജയകുമാരിയാണ് തന്റെ വളർത്തുനായയെ പുലി കടിച്ച് കൊല്ലുന്നത് നേരിട്ടുകണ്ടത്.
പ്രദേശവാസിയായ ദാസന് എന്നയാളുടെ വീട്ടിലെ നായയെയും കഴിഞ്ഞ മാസം അജ്ഞാത ജീവി ആക്രമിച്ചിരുന്നു. അന്ന് വീട്ടുകാര്‍ ബഹളം വച്ചതോടെ നായയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിനാല്‍ ജീവിയെ ആരും കണ്ടിരുന്നില്ല. ഇതേ പുലി തന്നെയാകാം അന്നും വന്നതെന്നാണ് നാട്ടുകാരുടെ സംശയം.
കഴിഞ്ഞ ദിവസം പുലിയെ നേരിട്ട് കണ്ടതിനു പിന്നാലെ വനംവകുപ്പ് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെയും പുലിയുടെ ദൃശ്യങ്ങളൊന്നും പതിഞ്ഞിട്ടില്ലെങ്കിലും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.