വോട്ടർപട്ടിക പുതുക്കൽ; പുതുമാതൃകയായി തെരഞ്ഞെടുപ്പ് ഗ്രാമസഭകൾ
1397103
Sunday, March 3, 2024 6:38 AM IST
കാസർഗോഡ്: വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിൽ രാജ്യത്തിനാകെ മാതൃകയായി ജില്ലയിൽ തെരഞ്ഞെടുപ്പ് ഗ്രാമസഭകൾ നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ തെറ്റുകൾ കണ്ടെത്തുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമായാണ് ജില്ലയിലെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും തെരഞ്ഞെടുപ്പ് ഗ്രാമസഭകൾ സംഘടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയകക്ഷി പ്രതിനിധികളും വോട്ടർമാരുമെല്ലാം ഗ്രാമസഭകളിൽ പങ്കാളികളായി. പഞ്ചായത്ത് വാർഡുകളിലെ ഗ്രാമസഭകളുടെ മാതൃകയിൽ അതത് പോളിംഗ് സ്റ്റേഷനുകളിലെ എല്ലാ വോട്ടർമാർക്കും ഗ്രാമസഭയിൽ പങ്കെടുത്ത് കാര്യങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കി. തെരഞ്ഞെടുപ്പ് ഗ്രാമസഭകളുടെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഷിറിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നിര്‍വഹിച്ചു.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ കൊന്നക്കാട് ഗവ. എൽപി സ്കൂളിൽ സബ് കളക്ടർ സൂഫിയാൻ അഹമ്മദും കാസർഗോഡ് മണ്ഡലത്തിലെ തളങ്കര ഗവ. മുസ്ലിം എൽപി സ്കൂളിൽ അസി. കളക്ടർ ദിലീപ് കൈനിക്കരയും ഉദ്ഘാടനം ചെയ്തു.
മൊഗ്രാൽ ജിവിഎച്ച്എസ്എസിൽ നടന്ന മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ 162,163,164,165 ബൂത്തുകളുടെ തെരഞ്ഞെടുപ്പ് ഗ്രാമസഭയും കളക്ടർ സന്ദർശിച്ചു.
ഗ്രാമസഭകൾക്കു മുമ്പാകെ അതത് ബൂത്തുകളിലെ വോട്ടര്‍ പട്ടികയിലെ പേരുകൾ ബിഎൽഒമാർ ഉറക്കെ വായിക്കുകയും ഗ്രാമസഭയിൽ പങ്കെടുത്തവർ നിർദേശിച്ച തിരുത്തലുകൾ തത്സമയം രേഖപ്പെടുത്തുകയും ചെയ്തു.
ഇതോടെ ഒറ്റത്തവണ തീർപ്പാക്കലിന്റെ മാതൃകയിൽ ജില്ലയിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 196 പോളിംഗ് സ്റ്റേഷനുകളില്‍ നടന്ന ഗ്രാമസഭകളിൽ വോട്ടർപട്ടികയിൽ പേരുകൾ കൂട്ടിച്ചേര്‍ക്കുന്നതിനായി 214 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 83 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 84 അപേക്ഷകളും ലഭിച്ചു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 194 പോളിംഗ് സ്റ്റേഷനുകളില്‍ നടന്ന ഗ്രാമസഭകളിൽ നിന്നും വോട്ടർപട്ടികയിൽ പേരുകൾ കൂട്ടിച്ചേര്‍ക്കുന്നതിനായി 138 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 157 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 51 അപേക്ഷകളും ലഭിച്ചു. ഉദുമ നിയോജക മണ്ഡലത്തിലെ 198 പോളിംഗ് സ്റ്റേഷനുകളില്‍ പേരുകൾ കൂട്ടിച്ചേര്‍ക്കുന്നതിനായി 129 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 66 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 80 അപേക്ഷകളും ലഭിച്ചു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 205 പോളിംഗ് സ്റ്റേഷനുകളില്‍ പേരുകൾ കൂട്ടിച്ചേര്‍ക്കുന്നതിനായി 108 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 54 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 91 അപേക്ഷകളും ലഭിച്ചു.
കാസര്‍ഗോഡ് നിയോജക മണ്ഡലത്തിലെ 190 പോളിംഗ് സ്റ്റേഷനുകളില്‍ പേരുകൾ കൂട്ടിച്ചേര്‍ക്കുന്നതിനായി 111 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 78 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 59 അപേക്ഷകളും ലഭിച്ചു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ഉൾപ്പെട്ട 388 വ്യക്തികളും കാസര്‍ഗോഡ് മണ്ഡലത്തിൽ 567 പേരും ഉദുമ മണ്ഡലത്തിൽ 382 പേരും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 56 പേരും തൃക്കരിപ്പൂര്‍ മണ്ഡലത്തിൽ 123 പേരും മരണപ്പെട്ടതായി തിരിച്ചറിഞ്ഞു. ഇവരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.