ട്രെയിൻ യാത്രാദുരിതം പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി എംപി
1395125
Saturday, February 24, 2024 6:17 AM IST
കാസര്‍ഗോഡ്: ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ പാലക്കാട് വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ കാസർഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ ഏഴ് എംപിമാര്‍ ഒപ്പിട്ട പ്രൊപ്പോസല്‍ അവതരിപ്പിച്ചു.
കാസര്‍ഗോഡ് ലോകസഭാ മണ്ഡലം പരിധിയില്‍ വരുന്ന വിവിധ റെയില്‍വേ സ്റ്റേഷനുകളുടെയും റെയില്‍വേ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും പരാതികളും ആവശ്യങ്ങളുമാണ് പ്രൊപ്പോസലിൽ ഉണ്ടായിരുന്നത്.
എല്ലാകാര്യത്തിലും അനുകൂലമായ രീതിയില്‍ ദക്ഷിണ റെയില്‍വേയുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായി എംപി അറിയിച്ചു.
എംപിയുടെ
നിര്‍ദേശങ്ങള്‍
4രാവിലെ ഉത്തര മലബാറില്‍ നിന്ന് പോകുന്ന യാത്രക്കാരുടെ അമിതമായ തിക്കും തിരക്കും കുറയ്ക്കാൻ പരശുറാം എക്സ്പ്രസും കോഴിക്കോട് മംഗലാപുരം എക്സ്പ്രസും മംഗളുരുവില്‍ നിന്ന് 10 മിനിറ്റ് മുന്നേ പുറപ്പെടണം.
4കോഴിക്കോട് നിന്നും കാസര്‍ഗോഡ് ഭാഗത്തേക്കും തിരിച്ചും വൈകുന്നേരം ഹ്രസ്വദൂര യാത്രക്കാര്‍ക്കു ട്രെയിനില്ലാത്ത പ്രശ്നത്തിന് പരിഹാരമായി പരശുറാം എക്സ്പ്രസ് 4.05നു കോഴിക്കോട് നിന്ന് വിടുക.
ഉച്ചയ്ക്ക് 2.05നു പുറപ്പെടുന്ന കോഴിക്കോട് കണ്ണൂര്‍ എക്സ്പ്രസ് വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് മംഗളുരു വരെ നേരിട്ട് പോകുക. ഈ ട്രെയിന്‍ രാത്രി 10.15നു മംഗളുരുവില്‍ നിന്ന് ചെറുവത്തൂര്‍ വരെ പോവുക.
ഉച്ചകഴിഞ്ഞ് മൂന്നിനു എറണാകുളം വിട്ട് രാത്രി 11 ഓടെ മംഗളുരുവില്‍ എത്തുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് പുതുതായി സര്‍വീസ് ആരംഭിക്കുക. ആഴ്ചയില്‍ രണ്ടു ദിവസം ഓടുന്ന മംഗലാപുരം ജംഗ്ഷന് കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ദിവസവും ഓടുക.
4ഷൊര്‍ണൂര്‍-കണ്ണൂര്‍, മംഗളുരു-ഗോവ മെമു വണ്ടികള്‍ കൂട്ടി യോജിപ്പിച്ചാൽ പകല്‍ സമയത്ത് മംഗലാപുരം-കണ്ണൂര്‍ മെമു സര്‍വീസ് ആരംഭിക്കാന്‍ പുതിയ റെയിലിന്റെ ആവശ്യമില്ല.
4അമൃത് ഭാരത് സ്റ്റേഷനുകളുടെ പട്ടികയില്‍ കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തണം. കാഞ്ഞങ്ങാട് റെയില്‍വേ പ്ലാറ്റ്ഫോമിൽ നടപ്പാലവും റെയില്‍വേ ഗേറ്റിനു താഴെ നടപ്പാതയും അനുവദിക്കണം.
4തൃക്കരിപ്പൂരിൽ ഫ്ലൈ ഓവര്‍ നിര്‍മാണം ആരംഭിക്കണമെന്നും രണ്ട് ലെവല്‍ ക്രോസുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് പാലമാക്കുകയോ ഫ്ലൈ ഓവറുകള്‍ യാഥാര്‍ത്ഥ്യമാകുന്നതുവരെ താത്കാലിക അണ്ടര്‍പാസ് തുറക്കുകയോ ചെയ്യണം.
കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, പയ്യന്നൂര്‍, പഴയങ്ങാടി കണ്ണപുരം, തുടങ്ങിയ സ്റ്റേഷനുകളില്‍ മംഗള, ഗാന്ധിധാം, വെസ്റ്റ് കോസ്റ്റ് , വേരാവേല്, കൊച്ചുവേളി, ഓഖ തുടങ്ങിയ ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക.
4മംഗലാപുരം-കണ്ണൂര്‍ മെമു, നേരത്തെ പാസഞ്ചര്‍ ആയി പ്രവര്‍ത്തിക്കുന്ന പോലെ മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വൈകിട്ട് 4.30 നു പുറപ്പെടണം ഇതിലൂടെ മാവേലി എക്സ്പ്രസിന് കണ്ണൂരിലേക്ക് കൃത്യസമയത്ത് സര്‍വീസ് നടത്താനാകും.
4മംഗലാപുരത്തിനും കണ്ണൂരിനുമിടയില്‍ ഒരു മെമു ട്രെയിനും മംഗലാപുരത്തു വെറുതെ കിടക്കുന്ന അന്ത്യോദയ എക്സ്പ്രസും എല്ലാ ദിവസവും സര്‍വിസ് നടത്തിയാല്‍ ജനസാന്ദ്രതയുള്ള നഗരങ്ങള്‍ക്കിടയിൽ തീവണ്ടിയില്ല എന്ന പ്രശ്നങ്ങളും പരിഹരിക്കാനാകും.
4കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ക്കായി മംഗലാപുരത്തേക്ക് കണക്ഷന് മെമു ട്രെയിനുകള്‍ അനുവദിക്കുക, നിലവില്‍ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് മംഗലാപുരത്ത് നിന്നുള്ള ട്രെയിനുകള്‍ ഷെഡ്യൂള്‍ ചെയ്യുക. കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് കാസര്‍ഗോട്ടേക്ക് അല്ലെങ്കില്‍ മംഗലാപുരത്തേക്ക് നീട്ടുക.
4എല്ലാ ട്രെയിനുകളിലും ജനറല്‍ കമ്പാര്‍ട്ട്മെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക, എല്ലാ സ്റ്റേഷനുകളിലും വികലാംഗര്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക, കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും അനൗണ്‍സ്മെന്റ് സംവിധാനവും ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കുകയും കാസര്‍ഗോഡ് സ്റ്റേഷനില്‍ റിസര്‍വേഷന്‍ കൗണ്ടറിലേക്കുള്ള അടച്ചിട്ട വഴി തുറന്നു കൊടുക്കാനും നടപടി സ്വീകരിക്കുക.
4കാണിയൂര്‍ റെയില്‍വേ ലൈനിന് കര്‍ണാടക സംസ്ഥാനത്തില്‍ നിന്ന് എന്‍ഒസി ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുക, മലബാറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിനുകളുടെ എണ്ണം വളരെ പരിമിതമായതിനാല്‍ കേരള എക്സ്പ്രസ് കൊങ്കണ്‍ വഴി തിരിച്ചുവിടുന്നത് ഏറ്റവും അത്യാവശ്യമാണ്.
4കാഞ്ഞങ്ങാട്, പയ്യന്നൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലും വിഐപി ലോഞ്ച് ക്ലോക്ക് റൂം എന്നിവ ആരംഭിക്കണം.
മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളില്‍ കുടിവെള്ളം, ഡിജിറ്റല്‍ അറിയിപ്പ്, സിസിടിവി, ലിഫ്റ്റ്, എക്സ്കലേറ്ററുകള്‍, എന്നിവ സജ്ജമാക്കാനും സ്റ്റേഷനുകളിലെല്ലാം തന്നെ സമ്പൂര്‍ണമായി മേല്‍ക്കൂര നിര്‍മിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
4എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കൂടുതല്‍ വാഹന പാര്‍ക്കിംഗും അടിസ്ഥാന സൗകര്യങ്ങളുമേര്പ്പെടുത്തണം.
വർഷങ്ങളായി ആളുകൾ ബുദ്ധിമുട്ടിലായി നില്ക്കുന്ന പയങ്ങാടി റെയില്‍വേ അടിപ്പാലം വീതി കൂട്ടുന്ന കാര്യവും, കുമ്പളയെ ടെര്‍മിനല്‍ സ്റ്റേഷനാക്കി മാറ്റുന്നതിനുവേണ്ടി വര്‍ഷങ്ങളായുള്ള നിര്‍ദ്ദേശം പരിഗണിക്കുകയും വേണം.