ചായ്യോത്ത് സ്കൂളിനു മുന്നിലെ ഓവുചാല്‍ മെറ്റല്‍ ഷീറ്റിട്ട് അടയ്ക്കും
1243407
Saturday, November 26, 2022 12:46 AM IST
ചായ്യോം: ജില്ലാ സ്കൂള്‍ കലോത്സവം തുടങ്ങാന്‍ മൂന്നുനാള്‍ മാത്രം അവശേഷിക്കേ ചായ്യോത്ത് ഗവ. ഗയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നിലെ ഓവുചാല്‍ താത്കാലികമായി അടയ്ക്കാന്‍ തീരുമാനം. കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കാന്‍ ഫണ്ടോ അനുമതിയോ സമയമോ ഇല്ലാത്ത സാഹചര്യത്തില്‍ ഓവുചാലിനു മുകളില്‍ മെറ്റല്‍ ഷീറ്റ് വിരിക്കാനാണ് തീരുമാനം.
ഇതിനു മുകളില്‍ ആളുകള്‍ കയറിനിന്നാലും അപകടമുണ്ടാകാത്ത വിധത്തില്‍ അടിയില്‍ ഇരുമ്പ് തൂണുകള്‍ നല്കി ബലപ്പെടുത്തും. ഇതിനായി ദ്രുതഗതിയിലുള്ള പ്രവൃത്തികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.
ജില്ലാ കലോത്സവം നടക്കുന്ന സ്കൂളിനു മുന്നിലും എതിര്‍വശത്തും തുറന്നുകിടക്കുന്ന ഓവുചാലുകള്‍ അപകടഭീഷണിയാകുന്ന കാര്യം കഴിഞ്ഞദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്കൂളിനു മുന്നിലെ ഓവുചാലുകള്‍ സ്ഥിരമായി അടയ്ക്കുന്ന കാര്യത്തില്‍ കലോത്സവം കഴിഞ്ഞശേഷം നടപടിയെടുക്കാനാണ് തീരുമാനം.