പെരിക്കല്ലൂർ - ബത്തേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം
1536077
Monday, March 24, 2025 6:07 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി, ബത്തേരി പ്രദേശങ്ങളുടെ ജീവനാഡിയായ പെരിക്കല്ലൂർ- മുള്ളൻകൊല്ലി-പുൽപ്പള്ളി ബത്തേരി സംസ്ഥാന പാതയുടെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തണമെന്ന് ടിന്പർ ലോഡിംഗ് ആൻഡ് അണ് ലോഡിംഗ് യൂണിയൻ പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലാ നേതൃയോഗം ആവശ്യപ്പെട്ടു. കാൽ നൂറ്റാണ്ട് മുന്പ് ആധുനിക രീതിയൽ ടാർ ചെയ്ത റോഡ് ഇന്ന് തകർന്ന നിലയിലാണ്.
ആയിരക്കണക്കിന് മനുഷ്യർ സഞ്ചരിക്കുന്ന റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ടവർ തയാറാകാത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ തന്നെ പ്രധാന റോഡുകളിലൊന്നായ പെരിക്കല്ലൂർ - മുള്ളൻകൊല്ലി - പുൽപ്പള്ളി - ബത്തേരി റോഡ് ഉടൻ റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. സജി പെരുന്പിൽ, പി.സി. സുനിൽ, ഷൈജു ജോണ് ഒഴുകയിൽ, പി.യു. ബിനോയി, സുരേഷ് തേക്കട, ടി.ജെ. ജോണ്, സി.വി. രാജേഷ്, വി.ജി. രാജേഷ്, ഒ.സി. ജയൻ, കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.