ഓപ്പറേഷൻ ഡി ഹണ്ട് : ഒരു മാസത്തിനിടെ 335 ലഹരി കേസുകൾ
1536074
Monday, March 24, 2025 6:07 AM IST
കൽപ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായി ഫെബ്രുവരി 22ന് തുടങ്ങിയ പോലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ ലഹരി കടത്തുമായി ബന്ധപ്പെട്ട 4282 പേരെ ഇതുവരെ പരിശോധിച്ചു.
335 കേസുകൾ രജിസ്റ്റർ ചെയ്യുകയും 344 പേരെ പിടികൂടുകയും ചെയ്തു. ഇവരിൽ നിന്നായി 94.87 ഗ്രാം എംഡിഎംഎയും 3247.83 ഗ്രാം കഞ്ചാവും 294 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. മറ്റു ലഹരി ഉത്പന്നങ്ങളായ മെത്താഫിറ്റാമിൻ, ഹാഷിഷ് ഓയിൽ, ചരസ്, കഞ്ചാവ് മിട്ടായി എന്നിവയടക്കമുള്ളവ 55.25 ഗ്രാം പിടിച്ചെടുത്തു. മാർച്ച് 21 വരെയുള്ള കണക്കാണിത്.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശ പ്രകാരം ലഹരി വിരുദ്ധ സ്ക്വാഡും വിവിധ സ്റ്റേഷനുകളും സംയോജിച്ചു നടത്തിയ പരിശോധനയിലാണ് വലിയ അളവിലുള്ള ലഹരിമരുന്നുകൾ പിടികൂടാനും ലഹരി കടത്തുകാരെ പിടികൂടാനും സാധിച്ചത്.
ലഹരി മാഫിയയ്ക്ക് കൂച്ചുവിലങ്ങിടാൻ വയനാട് പോലീസിന്റെ കർശന നടപടികൾ തുടരും. ജില്ലാ അതിർത്തികളിലും ജില്ലയിലെല്ലായിടത്തും കർശന പരിശോധനകൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ലഹരി വിൽപ്പനയിലൂടെയുള്ള സന്പാദ്യം കണ്ടുകെട്ടും
കൽപ്പറ്റ: ലഹരി വിൽപനയിലൂടെ അനധികൃതമായി സന്പാദിച്ച സ്വത്തുകളെല്ലാം എൻഡിപിഎസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് കണ്ടുകെട്ടാനുള്ള നടപടികൾ തുടർന്ന് വയനാട് പോലീസ്. മുത്തങ്ങയിൽ ഒന്നേകാൽ കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികൾ പിടിയിലായ സംഭവത്തിലാണ് സ്വത്ത് കണ്ടുകെട്ടൽ നടപടി പുരോഗമിക്കുന്നത്.
ഒന്നാം പ്രതി കൈതപ്പൊയിൽ പുതുപ്പാടി സ്വദേശി ഷംനാദ്(44)ന്റെ കഐൽ 11 എപി 2244 ഫോർഡ് ഫിഗോ കാർ കണ്ടുകെട്ടുന്നതിനുള്ള വയനാട് പോലീസിന്റെ റിപ്പോർട്ട് ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അഥോറിറ്റി (സഫേമ) അംഗീകരിച്ച് ഉത്തരവിറക്കി. ഇതുപ്രകാരം കാർ കണ്ടുകെട്ടി.
രണ്ടാം പ്രതി കോഴിക്കോട് ഈങ്ങാപ്പുഴ ആലിപറന്പിൽ വീട്ടിൽ എ.എസ്. അഷ്ക്കർ(28)ന്റെ കഐൽ 65 എൻ 0825 എത്തിയോസ് ലിവ കാർ, കഐൽ 57 വൈ 1373 ബുള്ളറ്റ് എന്നിവയും കണ്ടുകെട്ടുന്നതിനായുള്ള റിപ്പോർട്ട് സഫേമയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിന് ഹിയറിംഗ് നടക്കും.
2024 ഓഗസ്റ്റ് ആറിനാണ് 1.198 കിലോഗ്രാം എംഡിഎംഎയുമായി ഷംനാദിനെയും അഷ്ക്കറിനെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഇരുവരും ചേർന്ന് ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി ലോറിയിൽ ഡ്രൈവർ ക്യാബിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. കോഴിക്കോടും മലപ്പുറത്തും വിൽപ്പന നടത്തുന്നതിനായുള്ള നീക്കമാണ് പോലീസ് പൊളിച്ചത്.
ജില്ലയിലേക്കും സംസ്ഥാനത്തിലേക്കുമുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് വയനാട് പോലീസ് സ്വീകരിക്കുന്നത്. എൻഡിപിഎസ് നിയമം മൂലം ലഹരി സംഘത്തെ തളയ്ക്കാനാണ് പോലീസ് നീക്കം. അനധികൃതമായി സന്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാൽ ലഹരികടത്ത് സംഘാംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ നിയമമുണ്ട്. ഇത്തരത്തിൽ ലഹരി സംഘങ്ങളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നീക്കം ജില്ലയിലുടനീളം പോലീസ് ആരംഭിച്ചു.