ലിംഗനിർണയ നിരോധന നിയമം: ജില്ലാ ഉപദേശക സമിതി യോഗം ചേർന്നു
1515380
Tuesday, February 18, 2025 4:16 AM IST
കൽപ്പറ്റ: ഗർഭപൂർവ ഗർഭസ്ഥ ശിശു ലിംഗ നിർണയ നിരോധന നിയമത്തിന്റെ ജില്ലാതല യോഗം എഡിഎം കെ. ദേവകിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്നു. ഗർഭപൂർവ, ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയം നടത്തുന്നത് ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റമാണ്.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ സ്ഥലം മാറുന്പോഴും പുതിയ ആളുകളെ നിയമിക്കുന്പോഴും രേഖാമൂലം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കേണ്ടതാണ്. ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ ഡോക്ടർമാർക്കും ട്രാവൻകൂർ മെഡിക്കൽ കൗണ്‍സിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുന്നതാണ്.
ജനനി സുരക്ഷാ യോജന പ്രകാരം രജിസ്ട്രേഷൻ ചെയ്ത താഴെ പറയുന്ന സ്ഥാപനങ്ങൾക്ക് പുതിയ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. വിനായക ജ്യോതി ആശുപത്രി മാനന്തവാടി, ഫാത്തിമമാതാ മിഷൻ ആശുപത്രി കൽപ്പറ്റ, ലിയോ ആശുപത്രി കൽപ്പറ്റ, കെ.ജെ. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കൽപ്പറ്റ, അസംപ്ഷൻ ആശുപത്രി സുൽത്താൻ ബത്തേരി, പിബിഎം മെറ്റേണിറ്റി ആശുപത്രി മീനങ്ങാടി, അപ്പുക്കുട്ടൻ മെമ്മോറിയൽ ആശുപത്രി സുൽത്താൻ ബത്തേരി, വിനായക ആശുപത്രി സുൽത്താൻ ബത്തേരി, കരുണ ആശുപത്രി സുൽത്താൻ ബത്തേരി, മറീന ആശുപത്രി അന്പലവയൽ, ഡിഎം വിംസ് ആശുപത്രി മേപ്പാടി.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ്, വിഷയ വിദഗ്ധർ, മറ്റു സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു