വയനാട് ദുരന്തം : പിണറായി വിജയൻ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി: ജെബി മേത്തർ എംപി
1515029
Monday, February 17, 2025 4:43 AM IST
സുൽത്താൻ ബത്തേരി: വയനാട് ദുരന്തത്തിന് കേന്ദ്രം നയാ പൈസ തന്നില്ലെന്ന് വിലപിക്കുന്ന പിണറായി വിജയൻ രാജ്യത്തെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്ന് മഹിള കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി കുറ്റപ്പെടുത്തി. കേന്ദ്രം അനുവദിച്ച വായ്പ ഗ്രാന്റ് ആക്കി മാറ്റാനോ സമയം നീട്ടി ചോദിക്കാനോ ഇതുവരെ തയാറായിട്ടില്ല. 2000 കോടി വേണമെന്നാവശ്യപ്പെട്ട് നിവേദനം കൊടുത്തതല്ലാതെ പിണറായി ഒന്നും ചെയ്തില്ല.
ആറ് മാസം പിന്നിട്ടിട്ടും പുനരധിവാസം തുടങ്ങിയില്ല. വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ ജനങ്ങൾ നൽകിയ 800 കോടി എന്തു ചെയ്തു. കൃത്യമായ വാടകപോലും നൽകുന്നില്ല. സ്ത്രീകളുടെ ക്ഷമയെ പിണറായി പരീക്ഷിക്കേണ്ടന്നും ജെബി മേത്തർ പറഞ്ഞു. മഹിള സാഹസ് കേരള യാത്രയ്ക്ക് സുൽത്താൻ ബത്തേരി, നൂൽപ്പുഴ, നെൻമേനി, അന്പലവയൽ, മീനങ്ങാടി എന്നിവിടങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ.
കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരയ്ക്കാർ, കെപിസിസി അംഗം കെ.ഇ. വിനയൻ എന്നിവർ വിവിധ സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.
എഐസിസി അംഗം നെയ്യാറ്റിൻകര സനൽ, കെപിസിസി സെക്രട്ടറി ഐ.കെ. രാജു, രാഷ്ട്രീയകാര്യ സമിതി അംഗം പി.കെ. ജയലക്ഷ്മി, മഹിള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി കെ. തോമസ്, സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, ആർ. ലക്ഷ്മി, കെ. ബേബി എന്നിവർ പ്രസംഗിച്ചു.
അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ വീട് സന്ദർശിച്ച ജെബി മേത്തർ എംപി ബന്ധുക്കളെ ആശ്വസിപ്പിച്ചു.