‘നേതാവ് പ്രശസ്തനായിട്ടു കാര്യമില്ല, നിലത്തു വേര് വേണം’
1512408
Sunday, February 9, 2025 5:30 AM IST
സുൽത്താൻ ബത്തേരി: നേതാവ് എത്ര പ്രശസ്തനായാലും നിലത്തുനിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു കാര്യവുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. എടത്തറ ഓഡിറ്റോറിയത്തിൽ യുഡിഎഫ് ബൂത്തുതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഓരോ യുഡിഎഫുകാരനും അടിത്തട്ടിൽ പ്രവർത്തനം തുടങ്ങണം. നിലത്ത് വേരോടിക്കാൻ കഴിയുന്നില്ലെങ്കിൽ പാർട്ടി പ്രവർത്തനം ഫലം ചെയ്യില്ല. ജനങ്ങളെ അവരുടെ നല്ലകാലത്തും കഷ്ടകാലത്തും കൈവിടരുത്. ഭരണഘടന അട്ടിമറിക്കാനും സത്യത്തെയും പ്രതിഷേധങ്ങളെയും അടിച്ചമർത്താനുമുള്ള മോദി സർക്കാരിന്റെ ശ്രമം തിരിച്ചറിയണം. ഇന്ത്യൻ ഭരണഘടന എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നു മനസിലാക്കണം. ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണത്തിന് പോരാടണം.
സങ്കീർണമാണ് വനാതിർത്തി പ്രദേശങ്ങളിലെ വന്യമൃഗശല്യവും ദേശീയപാതയിലെ രാത്രിയാത്രാ വിലക്കും. ഈ പ്രശ്നങ്ങളുടെ പരിഹാരത്തിന് സമയമെടുക്കും. ഇക്കര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രിയങ്ക പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഡി.പി. രാജശേഖരൻ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ജമീല ആലിപ്പറ്റ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ, കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്, നേതാക്കളായ രാജു പി. നായർ, ടി. മുഹമ്മദ്, അബ്ദുള്ള മാടക്കര എന്നിവർ പ്രസംഗിച്ചു.