വേനൽ മധുരത്തിന് തുടക്കമിട്ട് തണ്ണിമത്തൻ കൃഷി
1507727
Thursday, January 23, 2025 5:43 AM IST
കൽപ്പറ്റ: ജില്ലയിലെ വേനൽ ചൂടിന് മധുരമേകാൻ തണ്ണിമത്തൻ കൃഷിക്ക് തുടക്കമിട്ട് കുടുംബശ്രീ. വനിതാ കർഷകരെ തണ്ണിമത്തൻ കൃഷിക്കായി പ്രോത്സാഹിപ്പിക്കുകയും വിപണിയിൽ ഗുണമേൻമയുള്ള വിഷരഹിത തണ്ണിമത്തന്റെ ലഭ്യത ഉറപ്പാക്കുകയാണ് കുടുംബശ്രീ.
അയൽക്കൂട്ടങ്ങളിലെ കൂടുതൽ കർഷകരെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരിക, കർഷകരുടെ വരുമാനം വർധിപ്പിക്കുക, സാന്പത്തിക സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കുടുംബശ്രീ സംരംഭം നടപ്പാക്കുന്നത്. 68 ദിവസം കൊണ്ട് വിളവെടുക്കുന്ന മുകാസയ ഹൈബ്രിഡ് തണ്ണിമത്തൻ വിത്താണ് ഒന്നരയേക്കർ നെൽപ്പാടത്ത് കൃഷി ചെയ്യുന്നത്.
ജില്ലയിൽ 32 ജഐൽജി ഗ്രൂപ്പുകൾ 55 ഏക്കറിലായി വേനൽ മധുരം പദ്ധതിയിലൂടെ തണ്ണിമത്തൻ കൃഷി ചെയ്യും. കുടുംബശ്രീ ജില്ലാ മിഷന്റെ അഗ്രി വിഭാഗവുമായി സഹകരിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ രാഗം ജഐൽജി ഗ്രൂപ്പ് ആരംഭിക്കുന്ന തണ്ണിമത്തൻ കൃഷിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, എഡിഎംസിമാരായ വി.കെ. റജീന, കെ. ആമീൻ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, വാർഡ് അംഗങ്ങളായ ബുഷറ വൈശ്യൻ, സാജിത നൗഷാദ്, സിഡിഎസ് ചെയർപേഴ്സണ് ജിഷ ശിവരാമൻ, ജില്ലാ പ്രോഗ്രാം മാനേജർ സുകന്യ ഐസക്ക് എന്നിവർ പങ്കെടുത്തു.