സാമൂഹിക പ്രവർത്തനം ആത്മസമർപ്പണമാണ്: മാർ ജോസ് പൊരുന്നേടം
1497358
Wednesday, January 22, 2025 6:23 AM IST
മാനന്തവാടി: സാമൂഹിക പ്രവർത്തനം മനുഷ്യന്റെ സമഗ്ര വികസനത്തിന് വ്യക്തികളോ പ്രസ്ഥാനങ്ങളോ നടത്തുന്ന ആത്മസമർപ്പണമാണന്ന് മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം. രൂപതയുടെ സാമൂഹിക സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഡബ്ല്യുഎസ്എസ്എസ് ഹാളിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1974ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ സൊസൈറ്റി ഏറ്റെടുത്തതും നടപ്പാക്കിയതുമായ പ്രവർത്തനങ്ങൾ മാതൃകാപരവും ദൂരക്കാഴ്ചയിൽനിന്നുള്ളതുമാണ്. തിരുനെല്ലിയിലെ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് 1975ൽ തുടക്കംകുറിച്ച പ്രവർത്തനങ്ങൾ, 1976ൽ ആരംഭിച്ച സാക്ഷരതാ ക്ലാസുകൾ, ബാലവാടികൾ, 1977ൽ തുടക്കമിട്ട ലഘു സന്പാദ്യ പദ്ധതി, അയൽക്കൂട്ടങ്ങൾ, കാർഷിക നഴ്സറി തുടങ്ങിയവ നൂതനമായിരുന്നു.
അത്തരം പ്രവർത്തനങ്ങളാണ് പിന്നീട് സർക്കാർ പദ്ധതികളായും മറ്റ് ഏജൻസികൾക്ക് പ്രചോദനമായും മാറിയത്. കാലാകാലങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് സൊസൈറ്റി നടപ്പാക്കുന്നതെന്നും പിതാവ് പറഞ്ഞു.
കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.അനിൽ ക്രാസ്റ്റ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവീസ് സൊസൈറ്റി മുൻ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.റൊമാൻസ് ആന്റണി മുഖ്യ പ്രഭാഷണം നടത്തി. ഡബ്ല്യുഎസ്എസ്എസ് മുൻ ഡയറക്ടർമാരായ ഫാ.ജോസഫ് ചിറ്റൂർ, ഫാ.തോമസ് ജോസഫ് തേരകം,
ഫാ.ജോർജ് മൈലാടൂർ, മുഖ്യസഹകാരികളായ വിൻസന്റ് ജോർജ്, ടി.എ. വർഗീസ്, ഡോക്ടർ വി.ആർ. ഹരിദാസ്, പ്രോഗ്രാം ഓഫീസർമാരായിരുന്ന ഇ.ജെ. ജോസ്, ഒ.പി. ഏബ്രാഹം, ഡോ.കെ.ആർ. ആന്റണി, സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗാം ഓഫീസർ പി.എ. ജോസ് എന്നിവർ പ്രസംഗിച്ചു.
സൊസൈറ്റിയുടെ 50 വർഷത്തെ ചരിത്രം ഉൾച്ചേർത്തു തയാറാക്കിയ വീഡിയോ-ഫോട്ടോ പ്രദർശനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടന്നു. ഇതിനകം സൊസൈറ്റിയെ നയിച്ച ഡയറക്ടർമാരും വിവിധ ഘട്ടങ്ങളിൽ ജോലി ചെയ്തവരും സഹായസഹകരണം നൽകിവരും അടക്കം 200 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു.