ഇക്കോ സെൻസിറ്റീവ് സോണ്‍: ആശങ്ക അകറ്റുന്നതിന് നിവേദനം നൽകി
1466111
Sunday, November 3, 2024 5:58 AM IST
സുൽത്താൻ ബത്തേരി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ചില ജനവാസകേന്ദ്രങ്ങൾ ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുന്നവിധത്തിൽ ചില മാപ്പുകളിൽ കാണാനിടയായതിനെത്തുടർന്നു ആശങ്കയിലായവർ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽ നിവേദനം നൽകി.
നിജസ്ഥിതി വ്യക്തമാക്കണമെന്നും ഇക്കോ സെൻസിറ്റീവ് സോണിൽനിന്ന് ജനവാസമേഖലകൾ ഒഴിവാക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. പുൽപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന്, 18 വാർഡുകളും മുള്ളൻകൊല്ലി പഞ്ചായത്തിലെ 16, 17, രണ്ട്, മൂന്ന് വാർഡുകളും ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുന്നതായാണ് ചില മാപ്പുകളിൽ കാണുന്നത്.
വന്യജീവി സങ്കേതത്തിലെ സെറ്റിൽമെന്റുകൾ മാത്രമാണ് സോണ്‍ പരിധിയിൽ വരികയെന്നാണ് വനം-വന്യജീവി വകുപ്പധികൃതർ നേരത്തേ വ്യക്തമാക്കിയത്. എന്നാൽ വന്യജീവി സങ്കേതത്തിനു പുറത്തുള്ള പ്രദേശങ്ങൾ സോണിൽ ഉൾപ്പെടുത്തിയതായി ജനം സംശയിക്കുന്നു.
രണ്ട് പഞ്ചായത്തുകളിൽനിന്നായി സ്ത്രീകളും കുട്ടികളും അടക്കം 150 ഓളം ആളുകളാണ് വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽ എത്തിയത്. വാർഡന്റെ അഭാവത്തിൽ നിവേദനം ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. ഷാജി പനച്ചിൽ, വി.എൽ. അജയകുമാർ, ടി.വി. അരുണ്‍, പി.പി. തോമസ്, ബിനോയ്, എൻ.എം. മനോജ് എന്നിവർ നേതൃത്വം നൽകി.