ഡയാലിസിസ് മെഷീൻ നൽകുന്നു
1466108
Sunday, November 3, 2024 5:56 AM IST
കൽപ്പറ്റ: കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇഞ്ചി വ്യാപാരികളുടെ സംഘടനയായ ഗ്രീൻ ജിഞ്ചർ ഡിലേഴ്സ് അസോസിയേഷൻ മേപ്പാടി ജ്യോതി പാലിയേറ്റീവ് സൊസൈറ്റിക്ക് ഡയാലിസിസ് മെഷീൻ നൽകും.
മെഷീൻ കൈമാറ്റം നാളെ രാവിലെ 11ന് നടത്തുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സാബു ഐപ്പ്, ട്രഷറർ പി.വി.ജെ. ജോയി, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഷമീർ കൂളിവയൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴ് ലക്ഷം രൂപ വിലവരുന്നതാണ് മെഷീൻ. രണ്ടു വർഷം മുൻപ് രൂപീകൃതമായതാണ് അസോസിയേഷൻ.
മൂന്നു സംസ്ഥാനങ്ങളിലുമായി 150 അംഗങ്ങളുണ്ട്. ഇവരിൽനിന്നു സമാഹരിച്ച തുക വനിയോഗിച്ചാണ് മെഷീൻ വാങ്ങിയത്. പാലിയേറ്റീവ് രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നതാണ് ജ്യോതി സൊസൈറ്റി.
ജീവകാരുണ്യ മേഖലയിൽ അസോസിയേഷൻ സജീവമാണെന്ന് ഭാരവാഹികൾ പറഞ്ഞു. പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ഗവ.എൽപി സ്കൂളിലെ 80 കുട്ടികളുടെ പ്രഭാതഭക്ഷണച്ചെലവ് വഹിക്കുന്നത് അസോസിയേഷനാണ്.
നിലവിൽ മേപ്പാടിയിലാണ് മുണ്ടക്കൈ എൽപി സ്കൂൾ പ്രവർത്തനം. ഉരുൾ ദുരന്തബാധിതരിൽ ഏതാനും കുടുംബങ്ങൾക്ക് അസോസിയേഷൻ ഫർണിച്ചർ നൽകിയതായും ഭാരവാഹികൾ പറഞ്ഞു.