കുറുവ ദ്വീപിൽ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പുനരാരംഭിച്ചു
1461409
Wednesday, October 16, 2024 4:56 AM IST
മാനന്തവാടി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലുള്ള കുറുവ ദ്വീപിൽ ഏഴു മാസത്തിലധികം നീണ്ട ഇടവേളയ്ക്കുശേഷം പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം പുനരാരംഭിച്ചു.
കുറുവ ഇക്കോ ടൂറിസം കേന്ദ്രം താത്കാലിക ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് പുൽപ്പള്ളിയിലുണ്ടായ ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നിർത്തിവച്ച വിനോദസഞ്ചാരമാണ് ഇന്നലെ പുനരാരംഭിച്ചത്. രാവിലെ പാക്കം ചെറിയമല ഭാഗത്തുകൂടിയാണ് സഞ്ചാരികളെ ദ്വീപിലേക്ക് പ്രവേശിപ്പിച്ചത്.
പ്രവേശന ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഡിടിപിസിയും വനം വകുപ്പും തമ്മിലുണ്ടായ തർക്കം താത്കാലികമായി പരിഹരിച്ച് ഉച്ച മുതൽ പയ്യന്പള്ളി പാൽവെളിച്ചം വഴിയും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു.
കുറുവ ടൂറിസം കർമ സമിതിയും വനം അധികൃതരും നടത്തിയ ചർച്ചയ്ക്കു ഒടുവിലാണ് തത്സ്ഥിതി തുടരാനും 17ന് ചേരുന്ന മന്ത്രിതല യോഗത്തിനുശേഷം അന്തിമ തീരുമാനം എടുക്കാനും ധാരണയായത്.
ചെറിയമല, പാൽവെളിച്ചം ഭാഗങ്ങളിലൂടെ ദിവസം 200 വീതം ആളുകൾക്കാണ് ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവേശനം. 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ മുതിർന്നവർക്ക് 220ഉം വിദ്യാർഥികൾക്ക് 150ഉം വിദേശികൾക്ക് 440ഉം രൂപയാണ് പ്രവേശന ഫീസ്.
കഴിഞ്ഞ മൂന്നിന് നോർത്തേണ് സർക്കിൾ സിസിഎഫ് കെ.എസ്. ദീപയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജില്ലയിൽ അടഞ്ഞുകിടക്കുന്ന ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെയും ഫീസ് വർധിപ്പിച്ചും തുറക്കാൻ തീരുമാനമായത്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിന് കഴിഞ്ഞ 25ന് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വനം-വന്യജീവി വകുപ്പ് അടച്ചതിനു പിന്നാലെ സുവോമോട്ടോ കേസിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം ഹൈക്കോടതി വിലക്കിയിരുന്നു. സർക്കാരിന്റെയും വിവിധ സംഘടനകളുടെയും ഇടപെടലിനെത്തുടർന്നാണ് ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ കോടതി അനുവാദം നൽകിയത്.
ജില്ലയിൽ അടഞ്ഞുകിടക്കുന്ന മറ്റ് ഇക്കോ ടൂറിസം കേന്ദ്രങ്ങളും വൈകാതെ തുറക്കും. ചെന്പ്രമല ട്രക്കിംഗ് കേന്ദ്രം, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിംഗ് കേന്ദ്രം എന്നിവിടങ്ങളിൽ 21 മുതൽ സഞ്ചാരികളെ അനുവദിക്കും. സൂചിപ്പാറ വെള്ളച്ചാട്ടം ടൂറിസം കേന്ദ്രം നവംബർ ഒന്നിനു തുറക്കും. എല്ലായിടങ്ങളിലും പ്രവേശന ഫീസ് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.